അന്ന് വോട്ട് ചോദിച്ചു വന്നപ്പോള്‍ ‘വിജയ്’; ഇപ്പോള്‍ ജോസഫ് വിജയ്: ‘എന്താല്ലേ…ബിജെപിക്കാരുടെ മനംമാറ്റമെന്ന്’ സോഷ്യല്‍ മീഡിയ

single-img
23 October 2017

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ ചിത്രം വൈറലായിരിക്കുകയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വോട്ട് ചോദിച്ചെത്തിയപ്പോള്‍ നരേന്ദ്ര മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് എന്നാണ് മോദി അഭിസംബോധന ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ വിജയ് എന്ന സൂപ്പര്‍ താരത്തെ ബിജെപി ജോസഫ് വിജയ് എന്ന പൂര്‍ണ നാമത്തില്‍ വിളിച്ചുതുടങ്ങിയിരിക്കുന്നു. മെര്‍സല്‍ എന്ന ചിത്രത്തില്‍ നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ തുഗ്ലക് പരിഷ്‌കാരങ്ങളേയും വിമര്‍ശിച്ചതിനാണ് വിജയ് എന്ന പേരിന് മുമ്പുള്ള ജോസഫ് എന്ന പേരുകൂടി ഇപ്പോള്‍ ബിജെപി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.

വിജയ് ഒരു ക്രിസ്ത്യാനിയാണെന്നും അതാണ് വിമര്‍ശനത്തിന് കാരണമെന്നും തോന്നിപ്പിക്കുന്നരീതിയില്‍ തികച്ചും വര്‍ഗീയമായി ഈ വിഷയം കൈകാര്യം ചെയ്യാനാണ് ബിജെപി തമിഴ്‌നാട് ഘടകം ശ്രമിക്കുന്നത്. വിവാദം കൂടുതല്‍ കൊഴുപ്പിച്ചുകൊണ്ട് നടന്‍ വിജയ്യുടെ തിരിച്ചറിയല്‍ രേഖ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പുറത്തുവിടുകയും ചെയ്തു. സത്യം കയ്‌പ്പേറിയതാണ് എന്ന അടിക്കുറിപ്പോടെയാണ് എച്ച് രാജയുടെ ട്വീറ്റ്.

എന്നാല്‍ എച്ച് രാജയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശയങ്ങളെ നേരിടാനാവാത്തതിനാല്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് ബിജെപി നേതാക്കളെന്നാണ് വിമര്‍ശനം ഉയരുന്നത്. എച്ച് രാജയുടെ ട്വീറ്റിനെതിരെ വിജയ് ഫാന്‍സും രംഗത്തെത്തി.