മെര്‍സല്‍ വിവാദത്തില്‍ ബിജെപിയെ തള്ളി നടന്‍ രജനീകാന്ത്

single-img
23 October 2017

വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി നടന്‍ രജനീകാന്തും രംഗത്ത്. ‘പ്രധാനപ്പെട്ട’ വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതു നന്നായി ചെയ്തതിനു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്. എന്നാല്‍ എന്താണു വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം, നടന്‍ വിജയ്‌ക്കെതിരേയും സിനിമയ്‌ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല, വിവാദം ആളിപ്പടര്‍ന്നു ദിവസങ്ങള്‍ക്കുശേഷമാണ് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാകുന്നതും.

അടുത്ത കാലത്തായി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടു കൂട്ടുചേരുമെന്ന സൂചനയാണ് അദ്ദേഹം ഇതുവരെ നല്‍കിപ്പോന്നതും. എന്നാല്‍ മെര്‍സല്‍ വിവാദത്തില്‍ ബിജെപി ഉയര്‍ത്തുന്ന വാദങ്ങളെ അവഗണിക്കുന്നതാണ് സ്‌റ്റൈല്‍മന്നന്റെ ട്വീറ്റ്. രജനീകാന്തിനൊപ്പം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നു കരുതപ്പെടുന്ന കമല്‍ഹാസനാകട്ടെ സിനിമയ്ക്കു ശക്തമായ പിന്തുണയുമായി തുടക്കത്തില്‍ത്തന്നെ രംഗത്തെത്തിയിരുന്നു.

‘മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയേറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് വിവാദമായത്. സിംഗപ്പൂരില്‍ ഏഴു ശതമാനം മാത്രം ചരക്ക്, സേവന നികുതി(ജിഎസ്ടി)യുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്.

ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ രജനീകാന്തും അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, അഭിനേതാക്കളായ കമല്‍ഹാസന്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകന്‍ പാ രഞ്ജിത് തുടങ്ങിയവര്‍ സിനിമയ്‌ക്കെതിരായ നീക്കങ്ങളെ അപലപിച്ചു.