വിദ്യാര്‍ത്ഥിനിയുടെ മരണം: കൊല്ലം ട്രിനിറ്റി സ്‌കൂളിനുമുന്നില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

single-img
23 October 2017

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലേക്ക് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ശക്തികുളങ്ങര എസ്‌ഐക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തി. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതും മരണത്തിനു കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി അധികൃതരും സ്‌കൂള്‍ ജീവനക്കാരും കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.