കൊല്ലം ജില്ലയില്‍ ഇന്ന്‌ വിദ്യാഭ്യാസ ബന്ദ്

single-img
23 October 2017

കൊല്ലം ജില്ലയില്‍ കെഎസ്‌യു ഇന്ന്‌ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു വിവിധ വിദ്യാര്‍ഥി യുവജന സംഘടനകള്‍ സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

വിദ്യാര്‍ഥിനിയുടെ മരണ വിവരം അറിഞ്ഞതോടെ കെഎസ്‌യു പ്രവര്‍ത്തകരാണ് ആദ്യം സ്‌കൂളിലേക്കു മാര്‍ച്ച് നടത്തിയത്. ഇവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. പിന്നാലെ എസ്എഫ്‌ഐയുടെ പ്രകടനം എത്തി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയതോടെ സംഘര്‍ഷമായി.

കല്ലേറില്‍ ഏഴു പൊലീസുകാര്‍ക്കു പരുക്കേറ്റു. പൊലീസ് ഇതോടെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിന്നാലെ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഇവ സംഘര്‍ഷത്തിന് ഇടയാക്കാതെ അവസാനിപ്പിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു തടഞ്ഞു. പ്രവര്‍ത്തകര്‍ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷം പിരിഞ്ഞു പോയി.

അതേസമയം, കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ട്രിനിറ്റി സ്‌കൂളിന്റെ കീഴിലുള്ള ബെന്‍സിഗര്‍ എന്ന ആശുപത്രിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ചികില്‍സയ്ക്കു മൂന്നു മണിക്കൂര്‍ കാലതാമസം വരുത്തിയെന്നാണ് ആരോപണം. ജൂനിയര്‍ കുട്ടികളുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഗൗരിയെ മാത്രം അധ്യാപകര്‍ സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി ശകാരിച്ചിരുന്നു.

ആ മാനസിക വിഷമത്തിലാണ് കുട്ടി സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്നു താഴേക്കു ചാടിയത്. തുടര്‍ന്ന് രണ്ടുമണിയോടുകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്യമായ ശുശ്രൂഷ നല്‍കാതെ കുട്ടിയെ അഞ്ചുമണിവരെ ആശുപത്രിയില്‍ കിടത്തി. പിന്നീടു കുട്ടിയുടെ ബന്ധുക്കള്‍ ഇടപെട്ട് മാധ്യമങ്ങളെ അറിയിച്ചു ബഹളമുണ്ടാക്കിയാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു റഫര്‍ ചെയ്യാന്‍പോലും കൊല്ലത്തെ ആശുപത്രി അധികൃതര്‍ തയാറായത്.