കൊല്ലത്ത് സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരി മരിച്ചു

single-img
23 October 2017

കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു. ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥി ഗൌരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയത്. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല.

അധ്യാപകരുടെ മാനസികപീഡനം മൂലമാണ് കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിരുന്നു.സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇതേസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസില്‍ സംസാരിച്ചതിന്‌ ക്രസന്റ് എന്ന അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇത് വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ സമാന സംഭവം പിന്നീടുമുണ്ടായതോടെ അനിയത്തി ചേച്ചിയെ വിവരമറിയിച്ചു.

കുട്ടികള്‍ കളിയാക്കിയത് ചോദ്യംചെയ്യാനെത്തിയ പെണ്‍കുട്ടിയും അനിയത്തിയും, മറ്റുകുട്ടികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതേക്കുറിച്ച് അധ്യാപികമാര്‍ വിളിച്ച് വിവരം അന്വേഷിക്കുകയുമായിരുന്നു. അധ്യാപികമാര്‍ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പോലീസിന് മൊഴി നല്‍കിയത്.