കാസര്‍കോട് മംഗളൂരു ദേശീയപാതയിലൂടെ വരുന്നവരെ കൊള്ളയടിക്കും: യാത്രക്കാരുടെ പേടിസ്വപ്‌നമായിരുന്ന കൊള്ളയടി സംഘത്തെ പോലീസ് നാടകീയമായി പിടികൂടി

single-img
23 October 2017

കാസര്‍കോട് മംഗളൂരു ദേശീയപാതയില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തെ പോലീസ് നാടകീയമായി പിടികൂടി. കാസര്‍കോടു നിന്നു മംഗളൂരു വിമാനത്താവളത്തിലേക്കു വരികയായിരുന്ന ഗള്‍ഫ് യാത്രക്കാരനെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു കാത്തു നില്‍ക്കുമ്പോളാണു മംഗളൂരു സിറ്റി പൊലീസ് ഗുണ്ടാ വിരുദ്ധ സംഘം പ്രതികളെ അറസ്റ്റു ചെയ്തത്.

ദേശീയപാതയില്‍ യാത്രക്കാരെ ആളൊഴിഞ്ഞ സ്ഥലത്തു തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടാ വിരുദ്ധ സംഘം കെണിയൊരുക്കുകയായിരുന്നു.

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളായ കെ. ഖലീല്‍ (കല്ലു30), ജാബിര്‍ അബ്ബാസ് (ജാബിര്‍24), മഞ്ചേശ്വരം ഹൊസങ്കടിയിലെ മുഹമ്മദ് അസിം (അസിം23), തലപ്പാടി തുമിനാടിലെ കെ.രാജേഷ് (30), ദക്ഷിണ കന്നഡ പുത്തൂരിലെ രവികുമാര്‍ (24) എന്നിവരാണ് പിടിയിലായത്.

ഇരുമ്പു ദണ്ഡുകള്‍, മുളകുപൊടി, കത്തികള്‍, കാര്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.