ഇടുക്കിയില്‍ കല്ല്യാണത്തലേന്ന് വധു ഒളിച്ചോടി; കാമുകനെ കണ്ട് പോലീസ് മൂക്കത്തുവിരല്‍ വച്ചു; പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയില്‍

single-img
23 October 2017

ഇടുക്കി നെടുങ്കണ്ടത്തു നിന്ന് വിവാഹത്തലേന്ന് 19കാരി കാമുകനൊപ്പം ഒളിച്ചോടിപ്പോയി. വള്ളിക്കുന്ന് സ്വദേശിനിയായ 19കാരിയാണ് ഞായറാഴ്ച രാവിലെ വിവാഹം നടക്കാനിരിക്കെ ശനിയാഴ്ച കാമുകനൊപ്പം ഒളിച്ചോടിപ്പോയത്. കല്ല്യാണത്തിന് മുല്ലപ്പൂ വാങ്ങാനെന്ന് പറഞ്ഞാണ് ശനിയാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്.

എന്നാല്‍ പെണ്‍കുട്ടി തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ഒരു കത്ത് കണ്ടെത്തിയത്.

ഇതില്‍ നിന്നാണ് ഇലിപ്പക്കുളം സ്വദേശിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും, പെണ്‍കുട്ടി ഒളിച്ചോടിയതാണെന്നും വ്യക്തമായത്. അന്വേഷണത്തിനിടെ നെടുങ്കണ്ടത്ത് രാത്രി ഇരുവരേയും റോഡില്‍ കണ്ടതായി ഓട്ടോക്കാരന്‍ പോലീസില്‍ വിവരം അറിയിച്ചു.

പിന്നീട് നെടുങ്കണ്ടം പോലീസറിയിച്ചതിനെത്തുടര്‍ന്ന് വള്ളിക്കുന്നം പോലീസ് ഇവരെ കൂട്ടിക്കൊണ്ടു വന്നു. സ്‌റ്റേഷനിലെത്തിയപ്പോഴാണ് കാമുകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. കാമുകന് പ്രായം 17. തുടര്‍ന്ന് ആണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞു വിട്ടു.

എന്നാല്‍ സംഭവത്തിന്റെ ട്വിസ്റ്റ് ഇതൊന്നുമല്ല കാരാഴ്മ സ്വദേശികളായ ദമ്പതികള്‍ രണ്ടു മാസം പ്രായമുള്ളപ്പോള്‍ ദത്തെടുത്തതാണ് ഈ പെണ്‍കുട്ടിയെ. ഭര്‍ത്താവ് മരിച്ച ശേഷം അര്‍ബുദ രോഗിയായ ഭാര്യ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്.

ആകെയുണ്ടായിരുന്ന സമ്പാദ്യമായ ഏഴു സെന്റ് സ്ഥലവും വീടും വിറ്റാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള പണം കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു കല്ല്യാണ ഒരുക്കങ്ങള്‍. ഇതിനിടയിലായിരുന്നു ഒളിച്ചോട്ടം. മകള്‍ പോയതോടെ രോഗം മൂര്‍ഛിച്ച അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.