‘തനിക്കെതിരെ നിരവധി പേര്‍ കേസുകള്‍ കൊടുത്തിട്ടുണ്ട്’; ഇവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന്‍ ദിലീപ്

single-img
23 October 2017

കൊച്ചി: തനിക്ക് സുരക്ഷാഭീഷണി ഉണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ്. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു പൊലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയാവുന്നതിന് മുമ്പും ശേഷവും തനിക്കെതിരെ നിരവധി പേര്‍ കേസുകള്‍ കൊടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ട്. എന്നാല്‍ സ്വയം സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തണ്ടര്‍ ഫോഴ്‌സുമായി ആലോചന നടത്തിയിരുന്നു.

അതിനുവേണ്ടിയാണ് സംഘത്തിന്റെ ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലെത്തിയത്. സുരക്ഷ നല്‍കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവര്‍ തന്നെ ബോദ്ധ്യപ്പെടുത്തി. സുരക്ഷ ആവശ്യമായി വരുന്നെങ്കില്‍ അക്കാര്യം അറിയിക്കാമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും ദിലീപ് ആലുവ എസ്.ഐയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

ആലുവ പൊലീസ് ഞായറാഴ്ചയാണ് ദിലീപിനു നോട്ടീസ് നല്‍കിയത്. സുരക്ഷാപ്രശ്‌നമുള്ളതായി ദിലീപ് ഇതുവരെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിനു സായുധ സുരക്ഷ ഏര്‍പ്പെടുത്തിയെന്നു വ്യക്തമാക്കണമെന്നാണ് പോലീസ് ദിലീപിനെ അറിയിച്ചത്.

സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.

നിലവില്‍ വ്യക്തികള്‍ക്കു സ്വകാര്യസുരക്ഷ ഏര്‍പ്പാടാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ 85 ദിവസം ജയിലില്‍ കിടന്നയാള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സുരക്ഷ ഏര്‍പ്പാടാക്കിയതിനു മറുപടി ലഭിക്കണമെന്നായിരുന്നു പോലീസ് നിര്‍ദേശം.

തണ്ടര്‍ ഫോഴ്‌സിന്റെ തൃശൂരിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിനു സുരക്ഷ അനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണ് ഇവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണു പോലീസ് നോട്ടീസ് നല്‍കിയത്.