തോമസ് ചാണ്ടി നിയമലംഘനങ്ങള്‍ നടത്തിയെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

single-img
22 October 2017

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസിലെയും മാര്‍ത്താണ്ഡം കായലിലെയും കയ്യേറ്റം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമ സമര്‍പ്പിച്ചു. റവന്യൂ സെക്രട്ടറിക്കാണ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് ലഭിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതു വഴി കയ്യേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്.

50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്. നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്. കുറ്റകരമായ റവന്യു ലംഘനമാണ് ലേക്പാലസില്‍ നടന്നത്. മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.