ആഢംബര ചടങ്ങുകളോടെ ഒരു ശവസംസ്‌കാരം; ചെലവ് 585 കോടി രൂപ

single-img
22 October 2017

വിവാഹത്തേക്കാളും പിറന്നാളിനേക്കാളും ആഘോഷമാക്കി കോടികള്‍ ചിലവിട്ട് ഒരു ശവസംസ്‌കാര ചടങ്ങ് നടത്താനൊരുങ്ങുകയാണ് തായലന്‍ഡ്. കഴിഞ്ഞ വര്‍ഷം അന്തരിച്ച തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്‌കാരമാണ് തായ്‌ലന്‍ഡില്‍ ഇതുവരെ കാണാത്ത ആഢംബരത്തോടെ കൊണ്ടാടുന്നത്.

585 കോടി രൂപയാണ് തായ്‌ലന്‍ഡ് രാജാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ചെലവാക്കുന്നത്. ഒക്ടോബര്‍ 26ന് ബാങ്കോക്കിലാണ് ചടങ്ങുകള്‍ നടക്കുന്നത്. തായ്‌ലന്‍ഡിലെ പട്ടാള ഭരണകൂടമാണ് ഇത്രയും പണം ചിലവിട്ട് അന്തരിച്ച രാജാവിന്റെ സംസ്‌കാരം നടത്തുന്നത്.

വജ്രവും മുത്തുമെല്ലാം പതിപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ രഥത്തിലാണ് വിലാപയാത്ര. അതിന് മുന്നോടിയായുള്ള പരിശീലനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരികയാണ്. ഇന്നലെ ഗ്രാന്‍ഡ് പാലസിന് മുന്നില്‍ നടന്ന വിലാപയാത്രാ പരിശീലനം അഞ്ച് മണിക്കൂറാണ് നീണ്ടു നിന്നത്. വാഴാഴ്ച നടക്കുന്ന ചടങ്ങില്‍ 2.5 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരാഗത വസ്ത്രം ധരിച്ച പട്ടാളക്കാര്‍ ബാന്‍ഡ് വാദ്യങ്ങളോടെ ശവഘോഷയാത്രയില്‍ അണിനിരക്കും. വിലാപയാത്രയില്‍ പങ്കെടുക്കുന്നവരെല്ലാവരും കറുത്ത നിറത്തിലുള്ള വസ്ത്രമായിരിക്കും ധരിക്കുക. രാജാവിന്റെ സ്വര്‍ണ ചട്ടയുള്ള ചിത്രങ്ങളുമായാണ് അവര്‍ യാത്രയില്‍ അണിനിരക്കുക. വിലാപയാത്രക്ക് ശേഷം പത്ത് മാസമെടുത്ത് നിര്‍മ്മിച്ച രാജകീയ ശ്മശാനത്തില്‍ മൃതദേഹം അടക്കും.

രാജകൊട്ടാരമായ ഗ്രാന്‍ഡ് പാലസിനു മുന്നില്‍ തായ്‌ലന്‍ഡ് ശൈലിയിലുള്ള മണ്ഡപങ്ങളാണ് ശവകുടീരമായി ഒരുക്കുന്നത്. മണ്ഡപങ്ങളുടെ മകുടത്തില്‍ സ്വര്‍ണം പൊതിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് മേസ്തിരിമാരും തൊഴിലാളികളും ജോലിചെയ്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരവധി ദേവീദേവന്‍മാരുടെ രൂപങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞതാണ് മണ്ഡപങ്ങള്‍.

ഏഴ് ദശാബ്ദം നീണ്ടു നിന്ന ഭരണത്തിന് ശേഷം കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 13നായിരുന്നു ഭൂമിബോല്‍ അതുല്യതേജെന്ന തായ്‌ലന്‍ഡുകാരുടെ പ്രിയപ്പെട്ട രാജാവ് ഈ ലോകത്ത് നിന്നും വിടവാങ്ങിയത്. മരിക്കുമ്പോള്‍ 87 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം.

ഇപ്പോള്‍ രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ഇതുവരെ 1.2 കോടി പേര്‍ അന്തിമോപചാരം അര്‍പിച്ചതായാണ് കണക്ക്. ഇതിനായി സൗകര്യങ്ങളും കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു. ഭൂമിബോലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ മഹാവാജിര ലോംകോണ്‍ അധികാരമേറ്റെടുത്തെങ്കിലും രാജാവിന്റെ ശവസംസ്‌കാരത്തിനു ശേഷം മാത്രമേ കിരീടധാരണം നടക്കൂ.