‘മാഡം മുഖ്യമന്ത്രി, ഞങ്ങള്‍ 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഇത് 2017 ആണ്, 1817 അല്ല’: രാഹുലിന്റെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
22 October 2017

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമസഭാ സാമാജികര്‍ക്കും ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള സ്വകാര്യ പരാതികളില്‍ കോടതി നിയമ നടപടി സ്വീകരിക്കുന്നത് വിലക്കിയ രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാഡം മുഖ്യമന്ത്രി, ഞങ്ങള്‍ 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഇത് 2017 ആണ്, 1817 അല്ല എന്നായിരുന്ന ട്വിറ്ററില്‍ രാഹുലിന്റെ പരിഹാസം.

നിയമസഭാംഗങ്ങള്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സര്‍ക്കാരിന്റെ അനുമതി കൂടാതെ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതിനെ തടയുന്നതാണ് വസുന്ധര രാജെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുതിയ നിയമം. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ അന്വേഷണ വിധേയമാകണമെന്ന് സര്‍ക്കാര്‍ അനുമതി നല്‍കാതെ പേരുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്നും ഉത്തരവിലുണ്ട്.

നിയമം ലംഘിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് തിങ്കളാഴ്ച്ച നിയമ സഭയില്‍ വെക്കും. ബിജെപി സര്‍ക്കാരിന് 200 ല്‍ 162 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള സഭയില്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ മറ്റു തടസ്സങ്ങളൊന്നുമില്ല.

ഉദ്യോസ്ഥര്‍ക്കും പൊതു സേവകനുമെതിരെ സ്വകാര്യ വ്യക്തി അഴിമതി ആരോപണം നടത്തിയാല്‍ പൗരന് കോടതിയെ സമീപിക്കാം. പോലീസ് നടപടി എടുത്തില്ലെങ്കില്‍ വ്യക്തിക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ പരാതി കോടതി കേള്‍ക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരാണ്. സര്‍ക്കാരിന് ഇതിനായി ആറുമാസം സമയവുമുണ്ട്. അനുമതി നല്‍കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള കാരണം സര്‍ക്കാര്‍ ബോധിപ്പിക്കേണ്ടതുമില്ല എന്നതാണ് ഓര്‍ഡിനന്‍സിന്റെ പ്രതേകത.