താന്‍ ഗുജറാത്തിനെ വീണ്ടും വികസനപാതയില്‍ എത്തിച്ചെന്ന് പ്രധാനമന്ത്രി: 1100 കോടിയുടെ വികസന പദ്ധതി പ്രഖ്യാപനവുമായി മോദി ഗുജറാത്തില്‍

single-img
22 October 2017

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തെ ശരിയായ പാതയിലെത്തിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തെ മുന്‍ കേന്ദ്രസര്‍ക്കാരുകള്‍ തടസപ്പെടുത്തുകയായിരുന്നു. എന്നാല്‍ താന്‍ ഗുജറാത്തിനെ വീണ്ടും വികസനപാതയില്‍ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ മാസം ഗുജറാത്തിലേക്കു നടത്തിയ മൂന്നാം സന്ദര്‍ശനത്തിലാണു മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. താന്‍ മുഖ്യമന്ത്രിയായിരിക്കെ, ശത്രുതാ മനോഭാവത്തിലാണു യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വ്യാവസായിക വളര്‍ച്ചയും സംസ്ഥാനത്തിന്റെ വികസനവും അവര്‍ തടസ്സപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയാക്കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

1140 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഗുജറാത്തില്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി സ്വപ്നപദ്ധതിയായി കണക്കാക്കുന്ന ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ഫെറി സര്‍വീസാണ് ഇതെന്നും ദക്ഷിണേഷ്യയിലും സമാനമായ പദ്ധതി ആദ്യമാണെന്നും മോദി പറഞ്ഞു. ഭാവ്‌നഗര്‍ തുറമുഖത്തിന്റെ പഴയകാല പ്രൗഢി തിരിച്ച് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത കമീഷന്‍ നടപടി വിവാദമായിരിക്കെയാണ് മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് തിയിതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. പിന്നീട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അതിനാല്‍ ബി.ജെ.പിയുടെ സമ്മര്‍ദം മൂലമാണ് തീയതി പ്രഖ്യാപിക്കാത്തത് എന്ന ആരോപണം നിലനില്‍ക്കുകയാണ്