‘മെര്‍സല്‍’ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു; സോഷ്യല്‍ മീഡിയയില്‍ ബിജെപി വിരുദ്ധപ്രചരണം ശക്തം

single-img
22 October 2017

ഇളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ മെര്‍സലിനെതിരായ ആരോപണങ്ങള്‍ ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു. മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, അഭിനേതാക്കളായ കമല്‍ഹാസന്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകന്‍ പാ രഞ്ജിത് തുടങ്ങിയവര്‍ സിനിമയ്‌ക്കെതിരായ നീക്കങ്ങളെ അപലപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെയും സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആശുപത്രികള്‍ മോശമായി നിലനിര്‍ത്തുന്നതിനേയും ചൂണ്ടിക്കാണിക്കുകയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച കഥാപാത്രം . ഇത് ചോദ്യം ചെയ്താണ് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിവാദ സംഭഷണങ്ങള്‍ ഒഴിവാക്കെമെന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അറിയിച്ചിരുന്നു.

ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണു നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു പറഞ്ഞാണു സംവിധായകന്‍ പാ രഞ്ജിത് പിന്തുണയുമായെത്തിയത്.

സിനിമയിലെ രംഗങ്ങള്‍ നീക്കണമെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു വിശാല്‍ പറഞ്ഞു. ഹോളിവുഡില്‍ യുഎസ് പ്രസിഡന്റിനെ കളിയാക്കുന്ന എത്രയോ സിനിമകള്‍ റിലീസ് ചെയ്യാറുണ്ട്. അവിടെയൊന്നും പ്രശ്‌നമില്ല. ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്നു വിളിക്കരുത്. ശബ്ദം ഉയരേണ്ട സമയമായി എന്നുമാണു വിജയ് സേതുപതി ട്വിറ്ററില്‍ കുറിച്ചത്. ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തി. ചിത്രം തിയറ്ററില്‍ ചെന്നുകാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

നേരത്തെ മെര്‍സലിനു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘മിസ്റ്റര്‍ മോദി, തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും ആവിഷ്‌കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോണ’റ്റൈസ്’ ചെയ്യരുത്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം, സാഹിത്യകാരന്‍ ബെന്യാമിന്‍ തുടങ്ങിയവരും വിമര്‍ശനം ഉന്നയിച്ചിരുന്നു.