മകളെ ഇതരമതസ്ഥന്‍ വിവാഹം കഴിച്ചു: മലപ്പുറത്ത് മുസ്ലീം കുടുംബത്തെ മഹല്ല് കമ്മറ്റിയില്‍ നിന്നും പുറത്താക്കി

single-img
22 October 2017


മലപ്പുറം: അന്യമതത്തില്‍പ്പെട്ട യുവാവിനെ മകള്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക്. പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം മഹല്ലാണ് കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്.

യൂസഫിന്റെ മകള്‍ ജസീല നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് നടപടി. യൂസഫിന്റെ ബന്ധു സിപി റഷീദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട ടിസോ ടോമിയുമായി ജസീലയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതോടെയാണ് യൂസഫിനെതിരെ മഹല്ല് കമ്മിറ്റി രംഗത്ത് വന്നത്.

അമുസ്ലീമുമായി വിവാഹബന്ധം നടത്തിയിരിക്കുന്നതിനാല്‍ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്നാണ് മദാറുല്‍ ഇസ്ലാം സംഘത്തിന്റെ നോട്ടീസില്‍ പറയുന്നത്.

മഹല്ലിന്റെ പ്രത്യേക അറിയിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ: ഈ മഹല്ലിലെ ഒരു മെമ്പര്‍ ആയ കുന്നുമ്മല്‍ യൂസഫ് സണ്‍ ഓഫ് മുഹമ്മദ് കുട്ടി എന്നയാളുടെ മകളെ ഒരു അസ്ലീമുമായി വിവാഹ ബന്ധം നടത്തിയിരിക്കുന്നതിനാല്‍ മേപ്പടി കുന്നുമ്മല്‍ യൂസഫ് സണ്‍ ഓഫ് മുഹമ്മദ് കുട്ടി എന്നവരുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായി മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്ന് 18.10.2017ന് ചേര്‍ന്ന മഹല്ല് കമ്മറ്റി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നു. ഈ വിവരം മഹല്ലുമായി സഹകരിക്കുന്ന എല്ലാ മെമ്പര്‍മാരേയും അറിയിച്ചു കൊള്ളുന്നുവെന്നാണ് സെക്രട്ടറിയുടെ അറിയിപ്പ്.

വിവാഹത്തോട് സഹകരിക്കരുതെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഈ നോട്ടീസും വിവാഹഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.