കെപിസിസി പട്ടികയില്‍ സമവായമായില്ലെങ്കില്‍ കേരളത്തെ തഴയുമെന്ന് ഹൈക്കമാന്‍ഡ്: ‘സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരം’

single-img
22 October 2017

കെപിസിസി പുനസംഘടനാ പട്ടികയില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത എ,ഐ ഗ്രൂപ്പുകള്‍ക്ക് താക്കീതുമായി ഹൈക്കമാന്‍ഡ്. സമവായം ഉണ്ടായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെ അറിയിച്ചുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംവരണ തത്വങ്ങള്‍ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു.

പാര്‍ട്ടി ഭരണഘടന 33% സംവരണം നിര്‍ദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയില്‍ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാര്‍ലമെന്റില്‍ 33% വനിതകള്‍ വേണമെന്നാണു പാര്‍ട്ടി നിലപാട്. പട്ടികയില്‍ പട്ടികജാതി, വര്‍ഗ, യുവജന പ്രാതിനിധ്യവും കുറവാണ്. എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അതൃപ്തി പുറമേ.

എം.പിമാരുടെ അഭിപ്രായം കൂടി കേട്ട ശേഷം ആവശ്യമായ മാറ്റം പട്ടികയില്‍ വരുത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രശ്‌നപരിഹാരത്തിനു പലവട്ടം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ നേതാക്കള്‍ വഴങ്ങിയില്ല. വാസ്‌നിക്കുമായി ചര്‍ച്ച നടത്തി എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഗ്രൂപ്പുകള്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ ഇഷ്ടക്കാരെ കുത്തിക്കയറ്റിയെന്ന വ്യാപക പരാതി ഹൈക്കമാന്‍ഡിന് നേരത്തേ ലഭിച്ചിരുന്നു. എംപിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി.തോമസ് തുടങ്ങിയ നേതാക്കളാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയത്.