ഗള്‍ഫ് ജോലി തേടുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത: യുഎഇയിലും സൗദി അറേബ്യയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നു

single-img
22 October 2017

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) നടപ്പാക്കുന്നതോടെ നിരവധി മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ കൂടുമെന്ന് റിപ്പോര്‍ട്ട്. യുഎഇയും സൗദി അറേബ്യയും ജനുവരി മുതല്‍ വാറ്റ് നടപ്പിലാക്കുന്നതോടെ അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്ത് വന്‍ തൊഴില്‍ അവസരങ്ങളാണുണ്ടാവുക.

മറ്റു ജിസിസി രാജ്യങ്ങളും അടുത്ത വര്‍ഷങ്ങളില്‍ വാറ്റ് നടപ്പാക്കുന്നതോടെ, മേഖലയില്‍ സാമ്പത്തികരംഗത്തു തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കും. ജീവിതച്ചെലവ് വര്‍ധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും ജിസിസി രാജ്യങ്ങളില്‍ വാറ്റ് ഏര്‍പ്പെടുത്തുന്നതുവഴി അക്കൗണ്ടിങ്, സാമ്പത്തിക രംഗത്ത് അയ്യായിരം തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നികുതി ഉപദേശകര്‍ക്ക് ഉള്‍പ്പെടെ സാധ്യതയുമായി തൊഴില്‍രംഗം കുതിച്ചുചാട്ടം നടത്തുമെന്നു ദുബായ് ഫ്രീസോണ്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ സറൂണിയും അവകാശപ്പെട്ടു.

കൂടാതെ നികുതിനിയമങ്ങള്‍ കമ്പനികള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും പ്രൊഫഷനല്‍ രംഗത്ത് വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും അല്‍ സറൂണി പറഞ്ഞു. അക്കൗണ്ടന്റുമാര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കണമെന്നും പുതിയ നികുതി നിയമങ്ങളുമായി പരിചയപ്പെടുത്തുന്ന ശില്‍പശാലകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായിലെ 24 ഫ്രീസോണുകളിലായി 30,000 കമ്പനികളും 33,00,000 ജീവനക്കാരുമാണു ജോലി ചെയ്യുന്നത്. എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 ശതമാനവും ഫ്രീസോണുകളില്‍ നിന്നാണ്. 40 ഫ്രീസോണുകളാണ് യുഎഇയില്‍ ആകെയുള്ളത്.

അറബ് രാജ്യങ്ങളിലെ ഫ്രീസോണുകളിലെ 25 ശതമാനവും യുഎഇയിലാണ്. നൂറ്റന്‍പതോളം രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കിയിട്ടുണ്ടെങ്കിലും അഞ്ചു ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിരക്കാണു യുഎഇ ഏര്‍പ്പെടുത്തുക. രാജ്യാന്തര ശരാശരി 19 ശതമാനമാണെന്നിരിക്കെയാണ് ഇത്.

അതേസമയം നൂറോളം ഭക്ഷ്യവസ്തുക്കള്‍, അടിസ്ഥാന ആരോഗ്യസേവനം, പൊതു വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എക്‌സിക്യൂട്ടീവ് നിയമങ്ങളും നിബന്ധനകളും പുറത്തുവിട്ടിട്ടില്ലെന്നു സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂറി അറിയിച്ചു.

ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുമായി ചേര്‍ന്നായിരിക്കും തുടര്‍ നടപടികളെന്നും സാമ്പത്തിക മന്ത്രാലയത്തിന്റെയും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെയും വെബ്‌സൈറ്റുകളാണ് വാറ്റ്, എക്‌സൈസ് ടാക്‌സ് എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വാറ്റ് നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇതുസംബന്ധിച്ച കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്.

പ്രമുഖ കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പിഡബ്ല്യുസിയുടെ ജിസിസി വാറ്റ് കംപ്ലയെന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് സൂചന. ജീവനക്കാര്‍ക്ക് വാറ്റ് നിയമങ്ങളെക്കുറിച്ചും പ്രയോഗത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയുള്ള കോഴ്‌സാണിത്. നികുതി രംഗത്തു പ്രമുഖരായ ടോളിയുമായി ചേര്‍ന്നാണു കോഴ്‌സ് നടത്തുന്നത്.

എണ്ണയിതര സാമ്പത്തിക വ്യവസ്ഥയിലേക്കു ഗള്‍ഫ് രാജ്യങ്ങള്‍ മാറുന്നതോടെ വിവിധ മേഖലകള്‍ ഈ രാജ്യങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. എണ്ണ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് അപ്പുറത്ത് സേവന രംഗങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കൈവരുമെന്നാണ് പ്രതീക്ഷ.

വിദഗ്ധരായ തൊഴിലാളികളെയാണു ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. അവസരങ്ങള്‍ കണക്കുകൂട്ടി സ്വദേശി യുവാക്കള്‍ക്കും പുതുതലമുറയ്ക്കും പരിശീലനം നല്‍കുന്നുണ്ടെങ്കിലും മനുഷ്യവിഭവശേഷി ഇനിയും ഏറെ ആവശ്യമാണ്. ദുബായ് പോലെയുള്ള സ്ഥലങ്ങളില്‍ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും.

മലയാളികള്‍ ഏറെയുള്ള ആരോഗ്യരംഗത്ത് അവസരങ്ങള്‍ കുറയുകയില്ലെന്നതു മാത്രമല്ല, കൂടുതല്‍ ആശുപത്രികളും ക്ലിനിക്കുകളും ആരംഭിക്കാനുള്ള പദ്ധതികള്‍ ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യത്തോടെ ആരോഗ്യസുരക്ഷ പദ്ധതികള്‍ തുടങ്ങിയതിനാല്‍ ഈ രംഗത്തും അവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

വിവര സാങ്കേതികവിദ്യയില്‍ കേന്ദ്രീകരിക്കുന്ന പദ്ധതികള്‍ക്കാണു ദുബായ് പോലെയുള്ള നഗരങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. സ്മാര്‍ട് ദുബായ് ഉള്‍പ്പെടെ ഇന്നവേഷനു മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികള്‍ ഡിജിറ്റല്‍ രംഗത്ത് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രിഡി പ്രിന്റിങ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ രംഗങ്ങളിലെല്ലാം ജോലിസാധ്യതകള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട്.

കടപ്പാട്: മനോരമ