ദുബായില്‍ റോഡരികില്‍ നിസ്‌കരിക്കുന്നവരുടെ ഇടയിലേയ്ക്ക് വാഹനം പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

single-img
22 October 2017

റോഡരികില്‍ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിക്കുന്നവരുടെ ഇടയിലേയ്ക്ക് വാഹനം പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ദുബായ്–ഷാര്‍ജ അതിര്‍ത്തിയിലെ മേല്‍പ്പാലത്തിനടുത്ത് ഇന്നലെയായിരുന്നു അപകടം.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡരികില്‍ പള്ളി ഇല്ലാത്തതിനാല്‍ തൊഴിലാളികളും ദൂര യാത്രക്കാരും പാതയോട് ചേര്‍ന്ന് മുസല്ല വിരിച്ച് മഗ്‌രിബ് പ്രാര്‍ഥന നടത്തുക പതിവാണ്. ഈ സമയം ഏഷ്യക്കാരന്‍ ഓടിച്ചിരുന്ന എസ് യുവിയുടെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഇവര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഗുരുതര പരുക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെകുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എസ് യുവി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.