നടന്‍ ദിലീപ് ‘വീണ്ടും പെട്ടു’: പൊലീസ് നോട്ടീസ് നല്‍കി

single-img
22 October 2017

യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പൊലീസ് ദിലീപിന് നോട്ടീസ് നല്‍കി.

എന്ത് കാരണത്താലാണ് സുരക്ഷ തേടിയതെന്നാണ് ദിലീപ് പ്രധാനമായും വിശദീകരിക്കേണ്ടി വരിക. തനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ദിലീപ് ഇതുവരെ പൊലീസിനോട് പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സേവനം തേടിയതിനെ ഗൗരവമായാണ് പൊലീസ് കാണുന്നത്.

സുരക്ഷാ ഏജന്‍സിയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഏജന്‍സിയുടെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍, പ്രവര്‍ത്തന രീതി, സുരക്ഷാ ചുമതലയുള്ള കമാന്‍ഡോകള്‍ തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത് തരത്തിലുള്ള തോക്കുകളാണ് അവ.

മറ്റേതെങ്കിലും തരത്തിലുള്ള ആയുധങ്ങളുണ്ടോ, സുരക്ഷാ കമാന്‍ഡോകളുടെ പേരുവിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാം വിലയിരുത്തിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണു നിര്‍ദേശം.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണു ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.

ദിലീപിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സി തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ ഇതേ ഏജന്‍സിയുടെ വാഹനം തടഞ്ഞപ്പോള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണു കസ്റ്റഡിയിലെടുക്കാന്‍ കാരണം.

മലേഷ്യയില്‍നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണു പറഞ്ഞത്. എന്നാല്‍, മലേഷ്യയില്‍നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്നു പൊലീസ് കണ്ടെത്തി. അതേസമയം, മലേഷ്യയില്‍നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായ കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ചു ബോധ്യപ്പെട്ടതോടെ വാഹനം പിന്നീടു വിട്ടയച്ചു.