ഗുജറാത്തില്‍ കോണ്‍ഗ്രസിന് ബിജെപിയുടെ തിരിച്ചടി: ഹാര്‍ദിക് പട്ടേലിന്റെ രണ്ട് അനുയായികളെ ബിജെപി അടര്‍ത്തിയെടുത്തു

single-img
22 October 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യവുമായി സംസ്ഥാനം പിടിച്ചടക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് തിരിച്ചടി. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായികളെ തങ്ങളുടെ പാളയത്തിലെത്തിച്ചാണ് ബിജെപി കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍ക്ക് തടയിട്ടത്.

ഹാര്‍ദിക് പട്ടേലിന്റെ അനുയായികളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലുമാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് മുന്നോട്ട് വെക്കുന്ന ഹാര്‍ദികിനെ തൃപ്തിപ്പെടുത്താന്‍ ബിജെപിക്കായില്ല. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതിനു തൊട്ടുപിന്നാലെയാണ് വരുണിനേയും രേഷ്മയേയും ബിജെപി അടര്‍ത്തിയെടുത്തത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഘാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വരുണും രേഷ്മയും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

ബിജെപിയുടെ ഭാഗമായതിനു ശേഷം ഹാര്‍ദിക് പട്ടേലിനെ ഇരുവരും വിമര്‍ശിക്കുകയും ചെയ്തു. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന്റെ ഏജന്റായി മാറിയെന്നായിരുന്നു ഇരുവരുടേയും പ്രസ്താവന. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ തിരിച്ചുവിടാന്‍ ഹാര്‍ദിക് ശ്രമിക്കുന്നതായും ഇവര്‍ ആരോപിച്ചു.

അതേസമയം വിശാല സഖ്യമെന്ന കോണ്‍ഗ്രസ് ലക്ഷ്യത്തെ വിജയിപ്പിച്ച് ഒബിസി നേതാവ് അല്‍പോഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഇന്നലെ തീരുമാനമായിരുന്നു. അഹമ്മദാബാദില്‍ ബുധനാഴ്ച്ച നടക്കാനിരിക്കുന്ന ജനദേശ് സമ്മേളനത്തില്‍ അല്‍പേഷിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഇന്നലെ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കിനോടെപ്പം അല്‍പേഷ് താക്കൂര്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ഒബിസി, എസ്‌സിഎസ്ടി ഏക മഞ്ചിന്റെ കണ്‍വീനറാണ് താക്കൂര്‍. ജനസംഖ്യയില്‍ 54 ശതമാനം ഒബിസിക്കാരുള്ള ഗുജറാത്തില്‍ അല്‌പേനഷിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് ശുഭസൂചനയായാണ് കോണ്‍ഗ്രസ് കാണുന്നത്.