തോമസ് ചാണ്ടിയുടെ കൈയേറ്റം: സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍; മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല

single-img
22 October 2017

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചട്ടലംഘനമുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഒരു നിമിഷം വൈകാതെ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോമസ് ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ചെന്നിത്തല പറഞ്ഞു.

നിയമലംഘനവും, അധികാര ദുര്‍വ്വിനിയോഗവും നടത്തിയ മന്ത്രിയെ ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുത്. കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചങ്കിലും സത്യം മൂടി വയ്കാനായില്ല. ഇനി ഈ മന്ത്രി അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇന്നലെയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടു സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറിയത്. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം മണ്ണിട്ടു നികത്തിയതായും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിലം നികത്തിയതായും റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനാണ് കലക്ടര്‍ ടി.വി. അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നേരത്തേ, കലക്ടറുടെ നേതൃത്വത്തില്‍ ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപം പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കയ്യേറിയതെന്നു കണ്ടെത്തിയത്.

2014നു ശേഷമാണ് ഭൂമി നികത്തല്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരയുന്നുണ്ട്. 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ടു നികത്തുന്നത് കുറ്റകരമാണ്. ഏതെങ്കിലും തരത്തിലുള്ള നടപടിക്കു റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടോയെന്നു വ്യക്തമല്ല.