വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ ഭാര്യയ്ക്ക് താമസിക്കാമെന്ന് ബോംബെ ഹൈക്കോടതി

single-img
22 October 2017

വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ ഭാര്യയ്ക്ക് താമസിക്കാമെന്നും ആര്‍ക്കും പുറത്താക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

മുംബൈ സ്വദേശി നല്‍കിയ ഹര്‍ജി പരിക്കണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ആദ്യ ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടാന്‍ ഭാര്യ തയാറാകുക, അതല്ലെങ്കില്‍ തന്റെ ബന്ധം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ് മുംബൈ സ്വദേശി ഹര്‍ജി നല്‍കിയത്.

തന്റെ പിതാവിന്റെ ഫ്‌ലാറ്റ് യുവതി കയ്യടക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി, നിലവിലെ സ്ഥിതി തുടരണമെന്നു വിധിച്ചു. എന്നാല്‍ 2014 സെപ്റ്റംബറിലെ വിധി 2017 മേയില്‍ കുടുംബ കോടതി റദ്ദാക്കി. യുവാവിന്റെ പിതാവിന്റെ പേരിലാണു ഫ്‌ലാറ്റ് എന്നും യുവാവ് ഇവിടെനിന്നു മാറി നവി മുംബൈയിലാണ് താമസമെന്നും പറഞ്ഞാണ് മുന്‍ ഉത്തരവ് റദ്ദാക്കിയത്.

യുവതിക്ക് ഈ ഫ്‌ലാറ്റില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നും കുടുംബ കോടതി വിധിച്ചു. ഇതേത്തുടര്‍ന്നു യുവതി ഹൈക്കോടതിയെ സമീപിച്ചു. തന്നെ വീട്ടില്‍നിന്നും പുറത്താക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ഭര്‍തൃപിതാവിന്റെ പേരിലുള്ള വസ്തുവാണെങ്കിലും യുവതി കല്യാണശേഷം ഭര്‍തൃവീടായി കണ്ട് താമസിച്ചിരുന്നത് ഈ ഫ്‌ലാറ്റിലാണെന്നും അവരെ നിയമപ്രകാരം പുറത്താക്കാനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാമെങ്കിലും ബന്ധുക്കളുടെ സ്ഥലത്തു താമസിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുഭാഗത്തിന്റെ വാദം.

ഇരുപക്ഷത്തെയും വാദങ്ങള്‍ കേട്ട ഹൈക്കോടതി ജ!ഡ്ജി ജസ്റ്റിസ് ശാലിനി ഫന്‍സാല്‍ക്കര്‍, ഗാര്‍ഹിക പീഡന നിയമ പ്രകാരം സ്ത്രീക്കു ഭര്‍തൃഗൃഹത്തില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കി. പ്രശ്‌നം തുടങ്ങുന്നതിനു മുന്‍പു രണ്ടുപേരും മുളുന്‍ഡിലെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. കേസ് തീരുന്നതുവരെ യുവതിക്ക് ഇവിടെത്തന്നെ താമസിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.