മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും വരുമ്പോള്‍ എഴുന്നേറ്റ് കൈകെട്ടി നില്‍ക്കണം; ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റ ചട്ടവുമായി യോഗി

single-img
21 October 2017

‘എം.പിമാരും എം.എല്‍.എമാരും കയറിവന്നാല്‍ എഴുന്നേറ്റ് കൈകെട്ടി നില്‍ക്കണം. ഇവരെ സ്വീകരിക്കുമ്പോഴും പങ്കെടുക്കുന്ന യോഗങ്ങളിലും ഇങ്ങനെ വേണം പെരുമാറാന്‍. ജനപ്രതിനിധികള്‍ മടങ്ങിപ്പോകുമ്പോഴും ഇപ്രകാരം പെരുമാറണം.

കാരണം എല്ലാവര്‍ക്കും മുകളിലുള്ളവരാണ് ജനപ്രതിനിധികള്‍. അവരെ ആദരിക്കേണ്ടതാണ്’. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്ന കാര്യങ്ങളാണിത്. കലക്ടര്‍മാര്‍, പോലീസുകാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറുന്നില്ലെന്ന് ചില തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. എം.പിമാരും എം.എല്‍.എമാരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അക്കാര്യം വളരെ വിനയത്തോടെ വേണം അറിയിക്കാനെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പരിപാടികളില്‍ മുഖ്യ അതിഥികളായി ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും സര്‍ക്കുലറില്‍ ഉണ്ട്. പ്രോട്ടോക്കോള്‍ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നുള്ള ചീഫ് സെക്രട്ടറി കുമാറിന്റെ കത്ത് ഒരു ന്യൂസ് ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. യോഗി സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.