ബിജെപിയുടെ വിരട്ടല്‍ ഏറ്റു: വിജയ് ചിത്രം മെര്‍സലിലെ ജിഎസ്ടിയെയും, ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യും

single-img
21 October 2017

വിജയ് ചിത്രം മെര്‍സലില്‍ നിന്ന് രാഷ്ട്രീയ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന ബിജെപിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ചില രംഗങ്ങള്‍ ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്നതായി ബി.ജെ.പി തമിഴ്‌നാട് ഘടകം ആരോപിച്ചിരുന്നു.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചു. സംവിധായകന്‍ അറ്റ്‌ലീ, കെ വി വിജയേന്ദ്രപ്രസാദ്, രമണ ഗിരിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് മെര്‍സലിന്റെ തിരക്കഥ തയ്യാറാക്കിയത്. തീയേറ്ററുകളില്‍ വലിയ കയ്യടി നേടിയ രംഗങ്ങളാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്.

വിജയും വടിവേലുവും അഭിനയിച്ച രംഗങ്ങളെക്കുറിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. ഒരു രംഗത്തില്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും ആരോഗ്യമേഖലയെ താരതമ്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരില്‍ 7 ശതമാനം നികുതി ഈടാക്കുമ്പോള്‍ അവിടെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകുന്നു.

ഇന്ത്യയില്‍ 28 ശതമാനം ജിഎസ്ടി നല്‍കിയിട്ടും ഒരുവിധത്തിലുള്ള സൗജന്യ ചികിത്സയും ലഭിക്കുന്നില്ലെന്നായിരുന്നു വിജയുടെ ഡയലോഗ്. മറ്റൊരു രംഗത്തില്‍ വടിവേലു ഡിജിറ്റല്‍ ഇന്ത്യയെയും നോട്ട് നിരോധ സമയത്ത് എടിഎമ്മിന് മുന്നിലുണ്ടായിരുന്ന നീണ്ട ക്യൂവിനെയും പരിഹസിക്കുന്നുണ്ട്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ താത്പര്യമുണ്ട് എന്നതിന്റെ തെളിവാണ് മെര്‍സലിലെ രംഗങ്ങളെന്നായിരുന്നു ബിജെപിയുടെ ആരോപണം.

അതിനിടെ നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ രംഗത്തെത്തി. ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്.

മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സിനിമയിലെ സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു.

സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.

എന്നാല്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സിനിമയിലുള്ള സംഭാഷണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.