തിരിച്ചടിച്ച് വിജയ് ഫാന്‍സ്: സോഷ്യല്‍ മീഡിയയില്‍ നാണംകെട്ട് ബിജെപി; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട രംഗങ്ങള്‍ വൈറലാകുന്നു

single-img
21 October 2017

ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍നിന്ന് ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കി വിജയ് ആരാധകര്‍. മെര്‍സലില്‍ ബി.ജെ.പിയെ പ്രകോപിപ്പിച്ച അതേ ഡയലോഗുകള്‍ വിവിധ ഭാഷകളിലാക്കി തര്‍ജ്ജമ ചെയ്തുകൊണ്ട് വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ പ്രചരിപ്പിച്ചാണ് വിജയ് ഫാന്‍സ് തിരിച്ചടിച്ചത്.

‘7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ’ എന്ന മെര്‍സലിലെ ഡയലോഗ് ഇതിനകം തന്നെ സോഷ്യല്‍മീഡിയകളില്‍ ഹിറ്റ് ആയിക്കഴിഞ്ഞു.

‘കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം’എന്ന ഡയലോഗും 120 കോടി ജനങ്ങളില്‍ 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടതെന്ന ഡയലോഗും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

മെര്‍സലിനു പുറമേ വിജയ് ചിത്രമായ കത്തിയിലെ ഡയലോഗും ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.’പലരും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഓണ്‍സ്‌ക്രീനിലും, ഓഫ് സ്‌ക്രീനിലും ചങ്കൂറ്റത്തേടെ പറയാന്‍ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്‌സ് ഓഫ് ”രക്ഷകന്‍” എന്നു പറഞ്ഞുകൊണ്ടാണ് വിജയ് ചിത്രത്തിലെ സാമൂഹ്യ വിമര്‍ശനങ്ങള്‍ ആരാധകര്‍ പ്രചരിപ്പിക്കുന്നത്.

ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിട്ടിരുന്നു.

മോദിയെ ശത്രുവായി കണ്ടത് കൊണ്ടാണ് ‘ജോസഫ് വിജയന്‍’ സിനിമയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ വിജയ്‌ക്കെതിരെ ഉന്നയിച്ച ആരോപണം. ഇതിനു പുറമേ വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും രാജ ആവശ്യപ്പെട്ടിരുന്നു.