ഇനിമുതല്‍ ട്രെയിന്‍ യാത്ര രണ്ട് മണിക്കൂര്‍ ലാഭിക്കാം: 500 ദീര്‍ഘദൂര തീവണ്ടികളുടെ വേഗം അടുത്തമാസം മുതല്‍ വര്‍ധിപ്പിക്കും

single-img
21 October 2017

ന്യൂഡല്‍ഹി: ദീര്‍ഘദൂര തീവണ്ടികളുടെ വേഗം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇതുപ്രകാരം 500 ലേറെ തീവണ്ടികളുടെ വേഗം അടുത്തമാസം മുതല്‍ വര്‍ദ്ധിപ്പിക്കാനാണ് റെയില്‍വെയുടെ നീക്കം. തീവണ്ടികളുടെ യാത്രാസമയത്തില്‍ രണ്ട് മണിക്കൂര്‍വരെ കുറവ് വരുത്തുമെന്നും ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

നവംബറില്‍ പുറത്തിറക്കുന്ന പുതിയ ടൈംടേബിളിലായിരിക്കും സമയമാറ്റം വ്യക്തമാക്കുക. പ്രധാന തീവണ്ടികളുടെ യാത്രാ സമയത്തില്‍ 15 മിനിട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ കുറവ് വരുത്താന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഈമാസം ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഓരോ തീവണ്ടിയും അറ്റകുറ്റപ്പണി നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ അധിക സമയം ലഭിക്കും

തീവണ്ടി കോച്ചുകള്‍ പരമാവധി ഉപയോഗിക്കാനാണ് റെയില്‍വെയുടെ ശ്രമം. മെയില്‍, എക്‌സ്പ്രസ് തീവണ്ടികളടക്കം 50 തീവണ്ടികള്‍ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളാക്കാനും റെയില്‍വെ നീക്കം തുടങ്ങിയിട്ടുണ്ട്. തീവണ്ടികളുടെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

തീവണ്ടികള്‍ സ്റ്റേഷനില്‍ നിര്‍ത്തുന്ന സമയത്തില്‍ കുറവ് വരുത്താനും യാത്രക്കാര്‍ കുറവുള്ള സ്റ്റേഷനുകളില്‍ തീവണ്ടികള്‍ നിര്‍ത്തുന്നത് ഒഴിവാക്കാനും നീക്കമുണ്ട്. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വേഗ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുന്ന കാര്യവും റെയില്‍വെയുടെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.