ടിപ്പു സുല്‍ത്താനെ കടന്നാക്രമിച്ച് ബിജെപി: ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനാണെന്ന് കേന്ദ്രമന്ത്രി

single-img
21 October 2017

താജ്മഹലിനെതിരായ സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ടിപ്പു സുല്‍ത്താനേയും കടന്നാക്രമിച്ച് ബിജെപി. ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനാണെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡേ പറഞ്ഞു.

കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷത്തില്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്നും ആനന്ദ് കുമാര്‍ ഹെഗ്‌ഡേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ടിപ്പു സുല്‍ത്താന്റെ ജന്മദിനം കഴിഞ്ഞവര്‍ഷവും കര്‍ണാടക സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു.

ഏകാധിപതിയായ ടിപ്പു കര്‍ണാടക വിരുദ്ധനും ഹിന്ദു വിരുദ്ധനുമാണെന്നും അതിനാല്‍ ആഘോഷ പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രിക്ക് ആനന്ദ് കുമാര്‍ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

അതേസമയം ആനന്ദ് കുമാര്‍ ആദ്യം ടിപ്പുവിനെ കുറിച്ച് പഠിക്കണമെന്നും ഇത്തരത്തില്‍ ഒരു കത്ത് എഴുതാന്‍ പാടില്ലായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ക്ഷണക്കത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയക്കുന്നതാണെന്നും അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി