‘സോളാറില്‍’ ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചില്ലെന്ന് സുധീരന്‍: സര്‍ക്കാരിനെതിരെ ഉടന്‍ സമരമില്ല

single-img
21 October 2017

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രത്യേക സമരങ്ങള്‍ ഒന്നും ഉടന്‍ നടത്തില്ല. അതേസമയം, സര്‍ക്കാരിന്റെ നടപടിയെ ഒറ്റക്കെട്ടായി നേരിടാന്‍ ഇന്ന് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം എന്ന പേരിലുള്ള ജാഥയില്‍ സര്‍ക്കാരിന്റെ നടപടിയിലെ അപാകത തുറന്നുകാട്ടാനും യോഗത്തില്‍ ധാരണയായി. അതിനിടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വി.എം.സുധീരന്‍ രംഗത്ത് വന്നു.

സോളാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോളാര്‍ കേസിലെ പ്രതികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട് സഹായം ലഭിക്കുന്നത് തടയാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. സുധീരന്റെ വിമര്‍ശനം കേട്ടിരുന്നതല്ലാതെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. എന്നാല്‍, സുധീരന്റെ വിമര്‍ശനത്തോട് ഹസന്‍ വിയോജിച്ചു. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് ഹസന്‍ പറഞ്ഞു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് വേണ്ടത്. ആരോപണ വിധേയരെ ഒറ്റപ്പെടുത്തുന്നത് മേഖലാ ജാഥ ആരംഭിക്കാനിരിക്കെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹസന്‍ പറഞ്ഞു.