സ്‌കൂള്‍ കായിക മേളയില്‍ കോഴിക്കോടിന്റെ അപര്‍ണയും തിരുവനന്തപുരത്തിന്റെ ആന്‍സ്റ്റിനും വേഗമേറിയ താരങ്ങള്‍

single-img
21 October 2017

പാലാ: അറുപത്തൊന്നാമത് സ്‌കൂള്‍ കായിക മേളയില്‍ കോഴിക്കോടിന്റെ അപര്‍ണയും തിരുവനന്തപുരത്തിന്റെ ആന്‍സ്റ്റിനും വേഗമേറിയ താരങ്ങളായി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനി അപര്‍ണ റോയ് ഒന്നാം സ്ഥാനത്തെത്തിയത്.

തിരുവനന്തപുരം സായിയുടെ ആന്‍സ്റ്റിന്‍ ഷാജിയാണ് വേഗമേറിയ ആണ്‍കുട്ടി. 100 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ആന്‍സ്റ്റിന്‍ സ്വര്‍ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ സി അഭിനവിനാണ് ഒന്നാം സ്ഥാനം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂര്‍ നാട്ടിക എച്ച്എസ്എസിലെ ആന്‍സി സോജനാണ് സ്വര്‍ണ്ണം.

ആദ്യം നടന്ന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് പറളി എച്ച്എസ്എസിലെ വി നേഹ ഒന്നാമതെത്തി. മണിപ്പൂര്‍ സ്വദേശിയും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ തഞ്ജം അലര്‍ട്ടന്‍ സിങാണ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയത്.

എറണാകുളത്തിന്റെ അനുമോള്‍ തമ്പിയും ശ്രീകാന്തും ഇരട്ടസ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററിലാണ് അനുമോളുടെ രണ്ടാം സ്വര്‍ണം. മൂവായിരം മീറ്ററില്‍ നേരത്തെ സ്വര്‍ണം നേടിയിരുന്നു.

ലോങ് ജംപില്‍ ഒന്നാമതെത്തിയ ശ്രീകാന്ത് ഹൈജംപിലും ഒന്നാമനായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ കോട്ടയത്തിന്റെ സാന്ദ്ര സാബുവിനാണ് സ്വര്‍ണം. ദേശീയ റെക്കോര്‍ഡ് മറികടന്നാണ് സാന്ദ്ര സ്വര്‍ണമണിഞ്ഞത്.