സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു; പിന്നില്‍ ആര്‍.എസ്.എസ് അനുകൂലികളായ അധ്യാപകര്‍

single-img
21 October 2017

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സംഘപരിവാര്‍ അനുകൂല പുസ്തകം വിതരണം ചെയ്യുന്നു. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലാണ് ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി പുസ്തകങ്ങള്‍ വിതരണം ചെയ്ത് സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്.

വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെയാണ് പുസ്തകവിതരണം. നാല് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലാണ് സംഘപരിവാറിന്റെ ആശയപ്രചരണം. ആര്‍.എസ്.എസ് നേതാക്കളായ സവര്‍ക്കറേയും ഹെഡ്‌ഗെവാറിനേയും വീര പുരുഷന്‍മാരാക്കുന്നതാണ് പുസ്തകത്തിലെ ഉള്ളടക്കം.

ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കമുണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗെവാറെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി കശ്മീരില്‍ രക്ഷസാക്ഷിത്വം വരിച്ച വീര ബലിദാനിയാണ് ശ്യാമ പ്രസാദ് മുഖര്‍ജിയെന്നും പുസ്തകത്തില്‍ പറയുന്നു.

മഥുരയില്‍ ഔറങ്കസേബിന്റെ ഭരണകാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചെന്നും ശ്രീകൃഷ്ണ ജന്‍മഭൂമിയെ മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ അഖണ്ഡഭാരതത്തേയും പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു

ന്യൂസ് 18 കേരളയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. സംഘപരിവാര്‍ അനുകൂലികളായ അധ്യാപകര്‍ വഴിയാണ് സ്‌കൂളുകളില്‍ പുസ്തകം വിതരണം ചെയ്യുന്നത്. അതേസമയം പുസ്തകം ചരിത്രത്തേയും വര്‍ത്തമാനകാലത്തേയും വളച്ചൊടിക്കുന്നതാണെന്ന ആരോപണവുമായി രക്ഷിതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഡിസംബര്‍ 8,9 തിയതികളില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് വേണ്ടിയാണ് പുസ്തകം എന്ന് പറഞ്ഞുകൊണ്ടാണ് സ്‌കൂളുകളിലെ പുസ്തവിതരണം. 50 രൂപയാണ് പുസ്‌കത്തിനായി ഈടാക്കുന്നത്. വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള സ്‌കൂളുകളില്‍ ഡിസംബര്‍ 8 നാണ് പരീക്ഷ നടക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 9ാം തിയതിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടക്കുന്നത്.