മിസ്റ്റര്‍ മോദി, മെര്‍സലില്‍ നിരോധനക്കളി വേണ്ട; മോദിയെ ട്രോളി രാഹുല്‍ഗാന്ധി

single-img
21 October 2017

തമിഴ് ചിത്രം മെര്‍സലിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ് അഭിമാനത്തോട് പൈശാചികത അരുതെന്നാണ് രാഹുലിന്റ ട്വീറ്റ്. മിസ്റ്റര്‍ മോദി എന്ന അഭിസംബോധനയോടെയാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കന്നത്.

‘മിസ്റ്റര്‍ മോദി, തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആഴത്തിലുളള ആവിഷ്‌കാരമാണ് സിനിമ’. അതിനകത്ത് കയറിയുള്ള നിരോധനക്കളിയൊന്നും വേണ്ടെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ മോദിയെ ഓര്‍മ്മിപ്പിക്കുന്നത്.

വിജയ് ചിത്രം മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചിദംബരവും മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം അനുമതി ലഭിക്കുന്ന കാലം വിദൂരത്തല്ലെന്നാണ് ചിദംബരം ട്വീറ്റിട്ടത്.