ഖത്തര്‍ ഉപരോധം: സൗദി അറേബ്യക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

single-img
21 October 2017

വാഷിംഗ്ടണ്‍: നാലു മാസത്തിലേറെയായി തുടരുന്ന ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയെയും സഖ്യരാജ്യങ്ങളെയും വിമര്‍ശിച്ച് അമേരിക്ക. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നപരിഹാര ശ്രമങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതിനു കാരണം സൗദി സഖ്യത്തിന്റെ നിലപാടുകളാണെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ പറഞ്ഞു.

അറബ് മേഖലയിലേക്കുള്ള തന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ടില്ലേഴ്‌സണ്‍ തന്റെ അഭിപ്രായം തുറന്നുപ്രകടിപ്പിച്ചത്. ഈ പ്രതിസന്ധി പെട്ടെന്നൊന്നും പരിഹരിക്കാനാവുമെന്ന പ്രതീക്ഷ തനിക്കില്ല.

പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട ചില കക്ഷികള്‍ വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തേ പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കാനാവുമെന്ന് യു.എസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

സൗദിയുടെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇതുവഴി ഖത്തറുമായുള്ള എല്ലാ നയതന്ത്രഗതാഗതവ്യാപാര ബന്ധവും ഈ രാജ്യങ്ങള്‍ അവസാനിപ്പിച്ചു. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു ഉപരോധം.

പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും അമേരിക്കയും ഇടപെട്ടെങ്കിലും ഉപരോധ രാഷ്ട്രങ്ങളുടെ നിഷേധാത്മക നിലപാടുകള്‍ കാരണം മധ്യസ്ഥ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. ഖത്തര്‍ ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ച സ്ഥിതിക്ക് സൗദി സഖ്യ നേതൃത്വത്തിന്റെ ഭാഗത്തുനിന്നാണ് അനുകൂല തീരുമാനമുണ്ടാവേണ്ടതെന്ന് ടില്ലേഴ്‌സന്‍ അഭിമുഖത്തില്‍ പറഞ്ഞു.