പ്രണയത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തിയവര്‍ക്ക് മുന്നില്‍ ജീവിച്ചു കാണിക്കാന്‍ നിസാമുദ്ദീനും ഹരിതയും ഒന്നിച്ചു

single-img
21 October 2017

തൃശ്ശൂര്‍: തങ്ങളുടെ പ്രണയത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തി തീവ്രവാദിയാക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിക്കാന്‍ ഒരുങ്ങി നിസാമുദ്ദീനും ഹരിതയും. തൃശൂര്‍ പാവറട്ടി സ്വദേശികളായ കമിതാക്കളാണ് കഴിഞ്ഞദിവസം മുല്ലശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹിതരായത്.

ഐസിസ് ബന്ധമുള്ള മുസ്ലീം യുവാവ് തന്റെ മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഹരിതയുടെ അച്ഛന്‍ രംഗത്തെത്തിയതോടെയാണ് ഇരുവരുടെയും പ്രണയം വിവാദമാകുന്നത്. തന്റെ മകള്‍ ലൗ ജിഹാദില്‍ അകപ്പെട്ടെന്നും, മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ഹരിതയുടെ പിതാവ് ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും പോലീസിലും അദ്ദേഹം പരാതി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്റെ ആരോപണത്തെ തുടര്‍ന്ന് നിസാമുദ്ദീനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നിസാമുദ്ദീനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
മതംമാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമിക്കുന്നു എന്നത് പൂര്‍ണ്ണമായും വ്യാജ വാര്‍ത്തയാണെന്നു നിസാമുദ്ദീനും ഹരിതയും പറഞ്ഞു.

ഇങ്ങനെയുള്ള ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല. മതം മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടത്തിയതെന്നും ഇരുവരും പറഞ്ഞു. അതേസമയം വിവാദമായ തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജം ഹരിതയുമായി ബന്ധപ്പെട്ടിരുന്നു.

ഇതെല്ലാം തെറ്റാണെന്നും ഹരിത സനാതന ധര്‍മ്മത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആര്‍ഷ വിദ്യാ സമാജത്തിലേക്ക് വരണമെന്നും അവര്‍ അറിയിച്ചതായി ഹരിത വ്യക്തമാക്കി. അടുത്തകാലത്തായി മതംമാറി വിവാഹിതാകുന്നവരുടെ നിരവധി കേസുകളാണ് ഉണ്ടായിട്ടുള്ളത്.

അതിനിടയില്‍ പ്രണയത്തില്‍ വര്‍ഗ്ഗീയതയും തീവ്രവാദവും കലര്‍ത്തുന്നവര്‍ക്കുള്ള തിരിച്ചടിയാണ് മതം മാറാതെയുള്ള നിസാമുദ്ദീന്റേയും ഹരിതയുടേയും വിവാഹം.