മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത്: ബിജെപി പ്രചരണങ്ങളെ വിമര്‍ശിച്ച് കമലഹാസന്‍

single-img
21 October 2017

ചെന്നൈ: ബിജെപി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ വിജയ് നായകനായ ചിത്രം മെര്‍സലിനു പൂര്‍ണ പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. സംവിധായകന്‍ പാ രഞ്ജിത്തിനു പിന്നാലെ സിനിമയെ പിന്തുണച്ച് കമലഹാസനും രംഗത്തെത്തി. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ് മെര്‍സല്‍ അതിനെ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്ന് കമലഹാസന്‍ അഭിപ്രായപ്പെട്ടു.

വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായ മറുപടിയാണ് നല്‍കേണ്ടതെന്നും, അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് വിജയ് നായകനായ മെര്‍സലിലുള്ളതെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് വ്യക്തമാക്കി. ഇതിനിടെ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യം അംഗീകരിച്ച് ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ചിത്രത്തിലെ ഒരു രംഗത്തില്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും ആരോഗ്യമേഖലയെ താരതമ്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട് എന്നാണ് വിജയുടെ ഡയലോഗ്. ഈ സംഭാഷണമാണ് ബിജെപി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

എന്നാല്‍, ചിത്രത്തിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെ കൂടുതല്‍ പിന്തുണ സിനിമയ്ക്ക് ലഭ്യമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. നിരവധി പേരാണ് ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. അതേസമയം, ആശുപത്രി മാഫിയയെക്കുറച്ച് പറയുന്ന സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരും രംഗത്തെത്തി.

സിനിമ ആരോഗ്യ പ്രവര്‍ത്തകരെ വിലകുറച്ചു കാണിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സിനിമ ബഹിഷ്‌ക്കരിക്കുമെന്നും ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.