ഹാദിയയെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നു; മയക്കി കിടത്താന്‍ മരുന്ന് നല്‍കും; മതംമാറാന്‍ സഹായിച്ചയാളെ ബിജെപിക്കാരുമായി ചേര്‍ന്ന് വധിക്കാന്‍ പിതാവ് അശോകന് പദ്ധതിയെന്നും വെളിപ്പെടുത്തല്‍

single-img
21 October 2017

മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോനാണ് ഹാദിയക്ക് പിതാവില്‍ നിന്നുമേല്‍ക്കുന്ന ക്രൂരമര്‍ദ്ദനങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.

പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായി ഹാദിയ സംസാരിക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കൈയിലുണ്ടെന്നും അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായും ഇക്കാര്യം അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള്‍ വിവരിക്കവെയാണ് ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന ആരോപണം ഗോപാല്‍ മേനോന്‍ ഉന്നയിച്ചത്. ഡോക്യുമെന്ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോഴാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടാമെന്നും ഹാദിയ വ്യക്തമാക്കുന്ന വീഡിയോ തന്നെ കാണിച്ചതെന്നും ഗോപാല്‍ മേനോന്‍ പറഞ്ഞു.

ഹാദിയ വീട്ടു തടങ്കലില്‍ ആകുന്നതിന് മുമ്പ് അമ്മയുമായി നടത്തിയ സംഭാഷണത്തിലാണ് അച്ഛന്‍ അശോകന്‍, ബിജെപിക്കാരുമായി ചേര്‍ന്ന് മതംമാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരങ്ങളുള്ളത്.

കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി ഹാദിയക്ക് സഡേറ്റീവ് നല്‍കി ഉറക്കുകയാണ്. സുപ്രീംകോടതി ഹാദിയയെ കേള്‍ക്കണമെന്ന് തീരുമാനിക്കുമ്പോള്‍ ഹാദിയയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് സ്ഥാപിക്കാനാകാം ഇങ്ങനെ ചെയ്യുന്നതെന്നും ഗോപാല്‍ മേനോന്‍ പറഞ്ഞു.