ദിലീപിന് സുരക്ഷയൊരുക്കി തണ്ടര്‍ ഫോഴ്‌സ് സംഘം

single-img
21 October 2017

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചന കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സുരക്ഷയൊരുക്കി സ്വകാര്യ സംഘം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്.

ദിലീപ് ഇത്തരത്തില്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയെ ഉപയോഗിച്ച് സംരക്ഷണം ഒരുക്കുന്നതിന്റെ കാരണം പോലീസിനും അറിവായിട്ടില്ല. ദിലീപിന് ആരില്‍ നിന്നെങ്കിലും ഭീഷണിയുണ്ടോ എന്ന തരത്തിലും അന്വേഷണം നടക്കുന്നത്.

പോലീസിനെപോലും ഞെട്ടിച്ചാണ് വെള്ളിയാഴ്ച സായുധ അകമ്പടിയോടെ ഗോവയിലെ സ്വകാര്യ സുരക്ഷാസംഘം ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിന്റെ വീട്ടിലെത്തിയത്. ഗോവ ആസ്ഥാനമാക്കിയുള്ള ‘തണ്ടര്‍ ഫോഴ്‌സ്’ എന്ന സുരക്ഷാ ഏജന്‍സിയുടെ വാഹനങ്ങളിലാണ് സായുധഭടന്മാരടങ്ങുന്ന സംഘമെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു.

വാര്‍ത്ത പരന്നതോടെ പോലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. ഒടുവില്‍ ദിലീപിന്റെ വീട്ടിലെ സുരക്ഷാസന്നാഹത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു വിവരം നല്‍കിയപ്പോഴാണ് പോലീസ് പോലും സംഭവമറിയുന്നത്.

വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പോലീസ് സന്നാഹങ്ങളെ അനുകരിക്കുന്ന വിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മറ്റു വാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കു ചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു.