നടന്‍ ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാസേനയുടെ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു

single-img
21 October 2017

കൊച്ചി: നടന്‍ ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാസേനയുടെ വാഹനം പൊലീസ് കസ്റ്റഡിയില്‍. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ദിലീപിന് ‘തണ്ടര്‍ഫോഴ്‌സ്’ എന്ന സ്വകാര്യ എജന്‍സി സുരക്ഷയൊരുക്കിയത് വാര്‍ത്തയായിരുന്നു.

തുടര്‍ന്നാണ് പൊലീസിന്റെ നടപടി. അതേസമയം, ദിലീപിന്റെ സ്വകാര്യ സുരക്ഷയെ സംബന്ധിച്ച് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിന്റെ സുരക്ഷ എന്ന വാര്‍ത്തയും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.

വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ദിലീപിന്റെ സുരക്ഷ ചുമതല. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ സദാസമയവും താരത്തിനൊപ്പമുണ്ടാകും. എന്നാല്‍ ദിലീപ് ഇത്തരത്തില്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയെ ഉപയോഗിച്ച് സംരക്ഷണം ഒരുക്കുന്നതിന്റെ കാരണം പോലീസിനെ അറിയിച്ചിരുന്നില്ല.

പോലീസിനെപോലും ഞെട്ടിച്ചാണ് വെള്ളിയാഴ്ച സായുധ അകമ്പടിയോടെ ഗോവയിലെ സ്വകാര്യ സുരക്ഷാസംഘം ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിന്റെ വീട്ടിലെത്തിയത്. ഗോവ ആസ്ഥാനമാക്കിയുള്ള ‘തണ്ടര്‍ ഫോഴ്‌സ്’ എന്ന സുരക്ഷാ ഏജന്‍സിയുടെ വാഹനങ്ങളിലാണ് സായുധഭടന്മാരടങ്ങുന്ന സംഘമെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു.

വാര്‍ത്ത പരന്നതോടെ പോലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജാഗരൂകരായി. ഒടുവില്‍ ദിലീപിന്റെ വീട്ടിലെ സുരക്ഷാസന്നാഹത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു വിവരം നല്‍കിയപ്പോഴാണ് പോലീസ് പോലും സംഭവമറിയുന്നത്.

വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പോലീസ് സന്നാഹങ്ങളെ അനുകരിക്കുന്ന വിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മറ്റു വാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കു ചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു.

തണ്ടര്‍ഫോഴ്‌സിേെന്റ കേരള മേധാവി വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ദിലീപുമായുള്ള പരിചയം പുതുക്കാനാണ് വീട്ടിലെത്തിയതെന്നായിരുന്നു വിശദീകരണം.