ദിലീപിന് സുരക്ഷാ ഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി: കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടയച്ചു

single-img
21 October 2017

ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ്. സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും എസ്പി പറഞ്ഞു.

സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യവ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ഈ ഏജന്‍സി സ്വമേധയാ ദിലീപിന് സുരക്ഷ ഒരുക്കാമെന്ന വാഗ്ദാനവുമായി എത്തിയതാണെന്നും പറയപ്പെടുന്നുണ്ട്.

ദിലീപിന് സ്വകാര്യ എജന്‍സി സുരക്ഷയൊരുക്കിയത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കരയില്‍ വച്ച് ഈ ഏജന്‍സിയുടെ രണ്ട് വാഹനങ്ങള്‍ പോലീസ് തടയുകയായിരുന്നു.

രണ്ട് വാഹനങ്ങളിലായി ഒമ്പത് പേരാണുണ്ടായിരുന്നത്. ഇവര്‍ ഏജന്‍സിയിലെ സുരക്ഷാ വിഭാഗം ജീവനക്കാരാണ്.
ഇവരോട് പോലീസ് കാര്യങ്ങള്‍ ചോദിച്ചെങ്കിലും അവര്‍ ആദ്യം സഹകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് വാഹനത്തിന്റെ രേഖകളും ഏജന്‍സിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ പോലീസ് ആവശ്യപ്പെട്ടു. ഏജന്‍സി അധികൃതര്‍ രേഖകള്‍ ഹാജരാക്കിയതിന് ശേഷം പോലീസ് വാഹനങ്ങള്‍ വിട്ടയച്ചു.

കൊച്ചിയില്‍ നിന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ്, വാഹനം കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘തണ്ടര്‍ ഫോഴ്‌സ്’ എന്ന സുരക്ഷാ ഏജന്‍സി ദിലീപിന് സുരക്ഷ ഒരുക്കിയത്. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരാണ് ദിലീപിന് ഒപ്പമുള്ളത്.