ബൊഫോഴ്‌സ് കേസില്‍ പുനരന്വേഷണത്തിന് സിബിഐ നീക്കം; സുപ്രീം കോടതിയെ സമീപിക്കും

single-img
21 October 2017

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി കേന്ദ്രസര്‍ക്കാരിനു സിബിഐയുടെ കത്ത്. 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി തേടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗിനാണ് സിബിഐ കത്തു നല്‍കിയത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസിലെ പുനരന്വേഷണ സാധ്യത സിബിഐ തേടുന്നത്.

എന്നാല്‍, ഇത്രയും കാലത്തിനുശേഷം സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ കാലതാമസം വന്നതിനെക്കുറിച്ചു വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. 2005ല്‍ പുനരന്വേഷണം നടത്താന്‍ സിബിഐ താല്‍പര്യപ്പെട്ടിരുന്നെങ്കിലും യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അതേസമയം, ബോഫോഴ്‌സ് കേസ് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അജയ്കുമാര്‍ അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

കേസിനാസ്പദമായ യഥാര്‍ഥ സ്വിസ് രേഖകളോ, വിശ്വാസയോഗ്യമായ പകര്‍പ്പോ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ഹിന്ദുജ സഹോദരന്മാരെയും സ്വീഡനിലെ ആയുധ നിര്‍മാതാക്കളായ എ.ബി. ബോഫോഴ്‌സ് കമ്പനിയെയും ഡല്‍ഹി ഹൈക്കോടതി പൂര്‍ണമായും കുറ്റവിമുക്തരാക്കിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണത്തിന്റെ മുന നീണ്ട ബൊഫോഴ്‌സ് ആയുധ ഇടപാട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

1984ലാണ് രാജ്യത്തെ പിടിച്ചുലച്ച ബൊഫോഴ്‌സ് തോക്ക് അഴിമതി നടന്നത്. സ്വീഡന്‍ നിര്‍മിക്കുന്ന ബൊഫോഴ്‌സ് തോക്കുകള്‍ ഇന്ത്യന്‍ കരസേനക്ക് വേണ്ടി വാങ്ങിയ കരാറില്‍ രാജീവ് ഗാന്ധി കമ്മീഷന്‍ പറ്റി എന്നതാണ് കേസ്. കമ്മിഷനായി വാങ്ങിയ 64 കോടി രൂപ പല അക്കൗണ്ടുകളിലായി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചു എന്നതായിരുന്നു ആരോപണം.

മോണ്ട് ബ്ലാങ്കിനു പുറമെ ‘ട്യൂലിപ്’ എന്ന പേരിലും അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇറ്റലിയിലുള്ള സോണിയ ഗാന്ധിയുടെ ഉറ്റ ബന്ധുവാണ് ഇതിനു ഇടനില നിര്‍വഹിച്ചത് എന്നായിരുന്നു മറ്റൊരു ആരോപണം. ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ സ്റ്റോക്ക് ഹോം റിപോര്‍ട്ടറായിരുന്ന ചിത്ര സുബ്രമണ്യമാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ട് വന്നത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അന്നത്തെ പത്രാധിപര്‍ ജി. കസ്തുരി തയാറാകാതിരുന്നതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എന്‍. റാം ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. കോടികള്‍ മുടക്കി അന്വേഷണം നടത്തിയെങ്കിലും കേസില്‍ ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിച്ചുവെങ്കിലും രാജീവ് ഗാന്ധിയെ രക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.