കാര്‍ഡില്ലാതെ എടിഎമ്മുകളില്‍ നിന്ന് പണം തട്ടുന്ന സൈബര്‍ കള്ളന്മാര്‍ രംഗത്ത്

single-img
21 October 2017

കാര്‍ഡില്ലാതെ എടിഎമ്മുകളില്‍ നിന്ന് പണം തട്ടുന്ന സൈബര്‍ കള്ളന്മാര്‍ രംഗത്ത്. സ്പൂഫിങ് എന്ന അത്യാധുനിക സൈബര്‍ വിദ്യയുമായാണ് തട്ടിപ്പുകാര്‍ രംഗത്തു വന്നിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്പൂഫിങ് ഉപയോഗിച്ച് ഒ.ടി.പി സംവിധാനമില്ലാതെയാണ് കള്ളന്മാര്‍ പണം പിന്‍വലിയ്ക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അഞ്ചിലധികം ആളുകള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. കാര്‍ഡ് ബ്ലോക് ചെയ്തിട്ടും തട്ടിപ്പുകാരെ തടയാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ഡല്‍ഹിയിലെ ഒരു എടിഎം വഴിയാണ് പണം പോയതെന്ന് വ്യക്തമായിട്ടും തട്ടിപ്പുകാരുടെ ദൃശ്യങ്ങളൊന്നും സിസിടിവിയില്‍ പതിഞ്ഞിട്ടില്ലെന്നതും ആന്വേഷണ സംഘത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

അക്കൗണ്ടില്‍ നിന്ന് എടിഎം വഴി പണം പിന്‍വലിച്ചതായി മെസ്സേജ് വരുമ്പോഴാണ് അക്കൗണ്ടുടമകള്‍ കാര്യം അറിയുന്നത്. തങ്ങള്‍ ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലത്തെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിച്ചതായാണ് സന്ദേശം. കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ബാങ്കിനെ അറിയിച്ച ശേഷവും പണം പിന്‍വലിക്കപെട്ടിട്ടുണ്ട്.

എന്നാല്‍ ഇതേക്കുറിച്ച് ബാങ്ക് അധികൃതരും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചാലും സിസ്റ്റം അപ്‌ഡേറ്റ് ആവാന്‍ അരമണിക്കൂര്‍ വരെ താമസമുണ്ടാകുമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇത് അറിയാവുന്ന തട്ടിപ്പുകാര്‍ മിനിറ്റുകളുടെ ഇടവേളകളില്‍ വീണ്ടും പണം ചോര്‍ത്തുകയാണ് ചെയ്യുന്നത്.

അതേസമയം ഈ രീതിയില്‍ വലിയ തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. രാത്രി പന്ത്രണ്ടു മണിയ്ക്കുശേഷമാണ് മിക്കവരുടെയും പണം നഷ്ട്ടപ്പെട്ടിരിയ്ക്കുന്നത്. എ.ടി.എം കാര്‍ഡ് ഉപയോഗിക്കാതെയാണ് പണം പിന്‍വലിച്ചത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചെങ്കിലും പണം നഷ്ടപ്പെട്ടെന്ന് പറയുന്ന സമയത്ത് ആരും എ.ടി.എമ്മില്‍ പ്രവേശിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരത്ത് എ ടി എം തട്ടിപ്പുകള്‍ വ്യാപകമായതിനു ശേഷമാണ് ബാങ്കുകള്‍ ചിപ്പ് ഘടിപ്പിച്ചുള്ള എ.ടി.എം കാര്‍ഡുകള്‍ പുറത്തിറക്കിയത്. എന്നാല്‍ എ.ടി.എം മുഖേന അല്ലാതെയും പണം തട്ടുന്ന ഇപ്പോഴത്തെ ഈ സംഭവം ഏവരേയും ആശങ്കയിലാക്കിയിരിക്കുകയാണ്.നോട്ടു നിരോധനത്തിന് ശേഷം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വര്‍ധിച്ചിരുന്നു അതിനുശേഷം സൈബര്‍ തട്ടിപ്പും വര്‍ധിച്ചു.

സൈബര്‍ വിദഗ്ധര്‍ പോലും ഇത്തരം ഒരു തട്ടിപ്പ് ആദ്യമായാണ് കേള്‍ക്കുന്നത്. എ. ടി. എമ്മില്‍ കയറാതെ തന്നെ എടിഎം മുഖേന പണം പിന്‍വലിക്കപ്പെടുന്നത് ഇവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഓരോ ഇടപാടും തത്സമയം രേഖപ്പെടുത്തി മെസ്സേജ് നല്‍കുന്ന ബാങ്കിന്റെ പ്രധാന സെര്‍വറില്‍ തട്ടിപ്പുകാര്‍ നുഴഞ്ഞു കയറി എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.