ചികിത്സാ പിഴവ്: കൊച്ചിയിലെ അല്‍ഷിഫ ആശുപത്രി അടച്ചുപൂട്ടി

single-img
21 October 2017

കൊച്ചി: ഇടപ്പള്ളിയിലെ അല്‍ഷിഫ ആശുപത്രി അടച്ചു പൂട്ടി. ആശുപത്രിക്കെതിരെ നടന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ആശുപത്രിയിലെ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ജീവനക്കാരും രോഗികളും രംഗത്തെത്തിയിരുന്നു.

ചികിത്സയിലുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ആശുപത്രി പ്രവര്‍ത്തിക്കും. തൊഴിലാളികള്‍ക്കു ആനൂകൂല്യം നല്‍കാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ഷാജഹാന്‍ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. മാത്രമല്ല, ഷാജഹാന്‍ യൂസഫിനെ ഐഎം എയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ആശുപത്രി ജീവനക്കാര്‍ തുടങ്ങിയ സമരം ബിജെപി-യുവമോര്‍ച്ചാ സംഘടനകള്‍ ഏറ്റെടുക്കുകയും ആശുപത്രിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സ്ഥാപനം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.

ആശുപത്രി പൂട്ടുകയാണെന്നും എന്നാല്‍ നിയമപരമായ കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുള്ളതിനാല്‍ ഓഫീസ് പ്രവര്‍ത്തനം കുറച്ചുദിവസം കൂടി തുടരുമെന്നും മാനേജര്‍ പറഞ്ഞു. ആശുപത്രിക്കെതിരെ ഗുണ്ടകളെ അയച്ച് പണം ആവശ്യപ്പെടുകയും ആശുപത്രി ജീവനക്കാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നതിനാലും ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി അറിയിപ്പില്‍ പറയുന്നു.

ഇപ്പോള്‍ അഡ്മിറ്റായ രോഗികള്‍ ഡിസ്ചാര്‍ജ് ആയി പോകുന്ന മുറയ്ക്ക് നിയമ വിധേയമായി ആശുപത്രി പ്രവര്‍ത്തനം നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതായും നിലവില്‍ ചാനലുകളില്‍ നല്‍കി വരുന്ന പരസ്യം മാത്രം കരാര്‍ തിയതി വരെ തുടരുമെന്നുമാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.

അല്‍ഷിഫയിലെ ചികിത്സ പിഴവ് മൂലം ഈ മാസം ഒന്നുമുതല്‍ പതിനഞ്ച് വരെ മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം പേരാണ്. ഇതില്‍ 5 പേരും പാലാരിവട്ടത്തെ സ്വാകാര്യ ആശുപത്രിയിലെ ചികിത്സയാണ് നേടിയത്.