വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; എതിര്‍ത്തപ്പോള്‍ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു; ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം തടവ്

single-img
21 October 2017

പത്തനംതിട്ട: 17 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ബീഹാര്‍ സ്വദേശിയ്ക്ക് ജീവപര്യന്തം തടവ്. ഝാര്‍ഖണ്ഡ് സ്വദേശി കപില്‍ ഷായുടെ മകള്‍ സന്ധ്യാ കുമാരിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ കൊല ചെയ്യപ്പെട്ടത്. കേസില്‍ ബീഹാര്‍ മുസാഫിര്‍പൂര്‍ ജില്ലക്കാരനായ ജുന്‍ജുന്‍കുമാറിനെ(33)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും പീഡന ശ്രമത്തിന് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. തെളിവുകളും ദൃക്‌സാക്ഷിയുമില്ലാതിരുന്ന കേസില്‍ കേരളാ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ കാരണമായത്.

അന്യ സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടുകയും റിമാന്‍ഡില്‍ കിടക്കുമ്പോള്‍ തന്നെ കുറ്റപത്രം നല്‍കുകയും ചെയ്തതോടെ പ്രതിക്ക് പിന്നീട് പുറത്തിറങ്ങാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധിച്ചില്ല. 2012 മാര്‍ച്ച് ഒമ്പതിനു കുമ്പനാട് കല്ലുമാലിക്കലുള്ള വാടക വീട്ടില്‍ വച്ചാണ് 17 കാരി കൊല്ലപ്പെടുന്നത്.

സഹോദരിക്കും അവരുടെ ഭര്‍ത്താവായ സഞ്ജീവ് സായിക്കുമൊപ്പമാണ് പെണ്‍കുട്ടി ഇവിടെ താമസിച്ചിരുന്നത്. അതേസമയം ജോലി തേടി കുമ്പനാട്ടേക്ക് എത്തിയതാണ് പ്രതി. ഇവിടെ വച്ച് സഞ്ജീവിനെ പരിചയപ്പെടുകയും പിന്നീട് മേസ്തിരിപ്പണിക്കാരനായി സഞ്ജീവിന്റെ വാടകവീട്ടില്‍ താമസിക്കുകയുമായിരുന്നു.

സംഭവ ദിവസം ഗര്‍ഭിണിയായ ഭാര്യയെ സഞ്ജീവ് പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് 17 കാരി ആക്രമിക്കപ്പെടുന്നത്. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ജുന്‍ജുന്‍ കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ സഞ്ജീവും ഭാര്യയും കണ്ടത്. തൊട്ടടുത്ത മുറിയില്‍ ജുന്‍ജുന്‍ കുമാര്‍ അബോധാവസ്ഥയിലുമായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എടിഎമ്മില്‍ നിന്നും പണമെടുത്തു മടങ്ങുന്നതിനിടെ ചിലര്‍ തന്നെ പിന്തുടര്‍ന്നു വീട്ടിലെത്തിയതായും അവര്‍ തന്നെ അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്നാണ് ജുന്‍ജുന്‍ പോലീസിനു മൊഴി നല്‍കിയത്.

എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജുന്‍ജുന്‍ എടിഎമ്മില്‍ പോയിട്ടില്ലെന്നും പണം പിന്‍വലിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. ജുന്‍ജുന്‍ കുമാറിന്റെ നെഞ്ചില്‍ ആഴത്തില്‍ നഖക്ഷതങ്ങളുണ്ടായിരുന്നു. അക്രമികള്‍ തന്നെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇതെന്നായിരുന്നു ഇയാള്‍ ആദ്യം മൊഴി നല്‍കിയത്.

പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ജുന്‍ജുനിന്റെ നെഞ്ചില്‍ കാണപ്പെട്ട പാടുകള്‍ പെണ്‍കുട്ടിയുടേതാണെന്ന് തെളിഞ്ഞത്. പീഡനശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ഉണ്ടാക്കിയതായിരുന്നു ഇത്. പീഡനം ചെറുത്ത പെണ്‍കുട്ടിയെ ഇയാള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബാഗും മറ്റുമെടുത്തു നാടു വിടാന്‍ താന്‍ ആലോചിച്ചിരുന്നതായും എന്നാല്‍ ഇതിനിടെ സഞ്ജീവും ഭാര്യയുമെത്തിയപ്പോള്‍ താന്‍ അബോധാവസ്ഥ അഭിനയിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോടു സമ്മതിക്കുകയും ചെയ്തു.