വിജയത്തിന്റെ പടവുകളിലേക്കുളള ആധാരശിലയാണ് മനോഭാവം, മനോഭാവം മാറ്റുന്നതിലൂടെ മനസിനെ ട്യൂണ്‍ ചെയ്യാം, അതിലൂടെ ജീവിതത്തെ മാറ്റിമറിക്കാം; റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര) എഴുതുന്നു…

എല്ലാ കഴിവുകളിലും വെച്ചു ഏറ്റവും അമൂല്യമായത് മനോഭവമാണെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. ചോരയും കണ്ണീരും വിയര്‍പ്പുമല്ലാതെ നിങ്ങള്‍ക്ക് തരാന്‍ എന്റെ പക്കല്‍ ഒന്നുമില്ലെന്നു പ്രസംഗിച്ച (1940,മെയ്-13) ചര്‍ച്ചിലിന്റെ പാര്‍ലമെന്റ് പ്രഭാഷണം അതുകൊണ്ടാണ് വര്‍ഷങ്ങളായിട്ടും ജനമനസില്‍ വികാരമുണര്‍ത്തുന്നത്.

എനിക്കൊരു സ്വപ്നമുണ്ട്, അടിമകള്‍ ഉടമകളോടു തോള്‍ ചേര്‍ന്ന് നടക്കുന്ന സ്വപ്നം എന്നുറക്കെ പറഞ്ഞ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും (1963) അടിമകള്‍ക്ക് സ്വാതന്ത്രമില്ലെങ്കില്‍ കല്‍ത്തുറുങ്കിലേക്കു പോകാനോ മരിച്ചു മണ്ണടിയാനോ ഞാന്‍ ഒരുക്കമാണെന്നു പറഞ്ഞ നെല്‍സണ്‍ മണ്ടേലയും, ജോണ്‍ എഫ് കെന്നഡിയും മാര്‍ഗരറ്റ് താച്ചറും ഇന്ദിരാഗാന്ധിയും അവരുടെ ശക്തമായ വിനിമയ ശക്തിയാലും ശരീരഭാഷയാലും ജനലക്ഷങ്ങളെ ആവേശം കൊളളിച്ചിരുന്നത് അവരുടെ മനോഭാവത്താലാണ്.

വിജയത്തിന്റെ പടവുകളിലേക്കുളള ആധാരശിലയാണ് മനോഭാവം. മനുഷ്യന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം തന്നെയാണിത്. മനോഭാവം മാറ്റുന്നതിലൂടെ മനസിനെ ട്യൂണ്‍ ചെയ്യാം. അതിലൂടെ ജീവിതത്തെ മാറ്റിമറിക്കാം, ഞാന്‍ ആരാണ് ? ഞാന്‍ ഇപ്പോള്‍ എവിടെയാണ് ? എന്നു തീരുമാനിക്കുന്നത് എന്റെ മനോഭാവമാണ്. എന്റെ മനോഭാവം ശുഭാപ്തി വിശ്വാസവും ക്രിയാത്മകവും ആണെങ്കില്‍ തീര്‍ച്ചയായും എനിക്കു നല്ല പ്രതിച്ഛായയും മിഴിവാര്‍ന്ന വ്യക്തിത്വവും ഉണ്ടാകും. മികച്ച വ്യക്തിത്വം ഉളളയാള്‍ വിജയം കൈവരിക്കുക തന്നെ ചെയ്യും. അതിനാല്‍ എനിക്ക് എന്നെക്കുറിച്ച് എന്തു തോന്നുന്നു എന്നതു പരമ പ്രധാനമാണ്. ഞാന്‍ ആരാണ് ? ഞാന്‍ എന്നെക്കുറിച്ച് എന്തു ചിന്തിക്കുന്നു ? ഇവയെല്ലാം എന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാന്‍ കഴിയും, മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ.

കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നെക്കറിച്ച് എനിക്ക് എന്തു തോന്നുന്നു എന്നതാണ് എന്റെ മനോഭാവത്തിന്റെ പ്രതിഫലനം. ഇതു ഞാന്‍ സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട ആത്മബലവും ഉള്‍ക്കരുത്തുമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനും തീര്‍ച്ചയായും എന്റെ മനസിലെന്താണെന്ന് മുഖത്തുനോക്കി വായിച്ചെടുക്കാന്‍ കഴിയും. നാം അവര്‍ക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറിയാലും ഉളളിലുളള സുഖകരമല്ലാത്ത വികാരങ്ങളുടെയും വിചാരങ്ങളുടെയും ആധിക്യം നമ്മുടെ മുഖത്ത് പ്രതിഫലിക്കും.

മുന്‍ അമേരിക്കാന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനെക്കുറിച്ച് രസകരമായ കഥയുണ്ട്. അദ്ദേഹത്തിന്റെ ഉപദേശകന്‍ ഒരു വ്യക്തിയെ ക്യാബിനറ്റിലേക്കു നിര്‍ദ്ദേശിച്ചു. എന്നാല്‍ ലിങ്കണ്‍ ഈ നിര്‍ദ്ദേശം തളളി, ഇതിനു കാരണമായി അദ്ദേഹം പറഞ്ഞു- ഞാന്‍ ആ മനുഷ്യന്റെ മുഖം ഇഷ്ടപ്പെടുന്നില്ല. ഉപദേശകന്റെ മറുപടി അത് അയാളുടെ കുറ്റം കൊണ്ടല്ല എന്നായിരുന്നു. ഇതിന് മറുപടിയായി ലിങ്കണ്‍ പറഞ്ഞു നാല്‍പതു വയസ്സിന് മുകളില്‍ പ്രയമുളള എല്ലാവര്‍ക്കും അവരുടെ മുഖഭാവത്തിന് ഉത്തരവാദിത്വം ഉണ്ടായിരിക്കും.
ഒന്നിനും കൊളളില്ല എന്ന് സ്വയം കരുതുന്നവനെ ഒരിക്കവും വിജയം അനുഗ്രഹിക്കുകയില്ല. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടുകൂടി സമീപിക്കുക. എങ്കില്‍ മാത്രമേ വിജയം കരസ്ഥമാകു. താഴെപ്പറയുന്ന വിജയത്തിന്റെ ഫോര്‍മുല ഒന്നു പരീക്ഷിച്ച് നോക്കു.

വിജയത്തിന്റെ ഫോര്‍മുല

വിജയത്തിന് ഒരു ഫോര്‍മുലയുണ്ടോ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം എന്നാല്‍ അങ്ങനെയൊന്നുണ്ട്. ഇതാ ഒരു പരീക്ഷണം.

‘A’ മുതല്‍ ‘Z’ വരെയുളള ഇംഗ്ലീഷ് അക്ഷരമാലകള്‍ക്ക് സമമാണിത് 1 മുതല്‍ 26 വരെയുളള അക്കങ്ങള്‍ക്ക് തുല്യവും.
ഇതനുസരിച്ച്, ഹാര്‍ഡ്‌വര്‍ക്ക് (കഠിനാധ്വാനം) എന്തെന്നു നോക്കാം

H+A+R+D+W+O+R+K=
8+1+18+4+23+15+18+18+11=98%

അടുത്തത് അറിവാണ്,

K+N+O+W+L+E+D+G+E=
11+14+15+23+12+5+4+7+5+96%

സ്നേഹവും ഭാഗ്യവും,

L+O+V+E=12+15+22+5=54%
L+U+C+K=12+21+3+11=47%

ഇവയിലൊന്നിനുപോലും 100% എത്താന്‍ കഴിഞ്ഞില്ല. പിന്നെന്താവും 100% ഫലം തരുന്നത്. അത് പണമോ, നേതൃത്വമോ, സ്വാധീനമോ ഒന്നുമല്ല പിന്നെന്താവാം ? തീര്‍ച്ചയായും നമ്മുക്ക് നമ്മുടെ ജീവിതത്തോടും തൊഴിലിനോടും നമ്മളോടു തന്നെയുളള മനോഭാവമാണ് നമ്മെ 100 % വിജയിയാക്കുന്നത്.

നമ്മുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനമെന്തെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?
ഓരോ പ്രശ്‌നത്തിനും ഒരു പോംവഴി ഉണ്ടകും. സങ്കീര്‍ണ്ണമായ കണക്കുകള്‍ക്കു പോലും സൂത്രവാക്യങ്ങളില്ലേ ? ജീവിതവും അതുപോലെയാണ്. സങ്കീര്‍ണതകളുടെ ആകെത്തുക. ഈ കുരുക്കുകള്‍ അഴിക്കുന്നതിനും ഓരോ സൂത്രവാക്യങ്ങളുണ്ട്. അതു തിരിച്ചറിയണമെങ്കില്‍ നമ്മുടെ മമനോഭാവത്തിന് മാറ്റം വരുത്തണം.

Watch your attitude, they become your thoughts (നിങ്ങളുടെ മനോഭാവത്തെ ശ്രദ്ധിക്കു, അതു നിങ്ങളുടെ ചിന്തകളാകുന്നു)

Watch your thoughts, they become your words (നിങ്ങളുടെ ചിന്തകളെ ശ്രദ്ധിക്കു, അതു നിങ്ങളുടെ വാക്കുകളാകുന്നു)

Watch your words, they become your actions (നിങ്ങളുടെ വാക്കുകളെ ശ്രദ്ധിക്കു അതു നിങ്ങളുടെ പ്രവർത്തികളാകുന്നു)

Watch your actions, they become your habits (നിങ്ങളുടെ പ്രവർത്തികളെ ശ്രദ്ധിക്കു അതു നിങ്ങളുടെ ശീലങ്ങളാകുന്നു)

Watch your habits, they become your personality (നിങ്ങളുടെ ശീലങ്ങളെ ശ്രദ്ധിക്കു അത് നിങ്ങളുടെ വ്യക്തിത്വമാകുന്നു)

റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര)

എപ്പോഴും വിജയിക്കാനുളള ത്വര മനസിലുണ്ടാകട്ടെ. അത്തരം മനോഭാവം നമ്മെ ഒരിക്കലും പരാജയപ്പെടുത്തില്ല.