ടിപി സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

single-img
20 October 2017

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. 2016 ഓഗസ്റ്റിലാണു കെഎടിയിലെ രണ്ടംഗ ഒഴിവില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പു സമിതി വി.സോമസുന്ദരത്തിന്റെയും സെന്‍കുമാറിന്റെയും പേരുകള്‍ ശിപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ സെന്‍കുമാറിന്റെ നിയമനത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്ത് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

നിയമനം വൈകുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയപ്പോഴും സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിയമനത്തെ എതിര്‍ത്തത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നും അവധിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെ ഏപ്രില്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് തീരുമാനിച്ചു.

എന്നാല്‍ ഗവര്‍ണര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. നിയമനം സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് കൈമാറണമെന്നും അപ്പോള്‍ അഭിപ്രായം അറിയാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മെയ് 10 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സെന്‍കുമാറിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ കൂടി ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള കത്ത്.