സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം; ആദ്യ സ്വര്‍ണം പാലക്കാടിന്

single-img
20 October 2017

പാല: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് പാലായില്‍ തുടക്കം. ആദ്യ സ്വര്‍ണ്ണം പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി എന്‍ അജിത്താണ് സ്വര്‍ണ്ണം തേടിയത്. റെക്കോര്‍ഡോടെയായിരുന്നു അജിത്തിന്റെ സ്വര്‍ണ്ണ നേട്ടം. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് തമ്പിയ്ക്കാണ് വെള്ളി.

മേളയിലെ രണ്ടാം സ്വര്‍ണ്ണം എറണാകുളം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പി സ്വര്‍ണം നേടിയത്. മേളയിലെ മൂന്നാം സ്വര്‍ണ്ണം തിരുവനന്തപുരവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാനാണ് സ്വര്‍ണം കരസ്ഥമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് കായികമേളയ്ക്ക് തുടക്കമായത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് മൂന്നു മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.