ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചു

single-img
20 October 2017

സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. രാവിലെ രാജികത്ത് നിയമകാര്യ മന്ത്രാലയത്തിന് അദ്ദേഹം കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്നു രഞ്ജിത്ത് കുമാര്‍ പറഞ്ഞു. വളരെ തിരക്കേറിയതും വലിയ ഉത്തരവാദിത്വമുള്ള ജോലിയുമാണ് സോളിസിറ്റര്‍ ജനറലിന്റേത്.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും രഞ്ജിത്ത് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്കുശേഷം സോളിസിറ്റര്‍ ജനറലിന്റെയും രാജി.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. 2014ല്‍ എന്‍ഡിഎ സര്‍ക്കാരാണ് രഞ്ജിത്ത് കുമാറിനെ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. മോഹന്‍ പരാസരന്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു രഞ്ജിത്തിനെ നിമയിച്ചത്.

2017ല്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായ രഞ്ജിത്തിനു കേന്ദ്രസര്‍ക്കാര്‍ കാലവധി നീട്ടിനല്‍കുകയായിരുന്നു. സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കം നിരവധി കേസുകളില്‍ ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി രഞ്ജിത്ത് സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്. നിരവധി കേസുകളില്‍ അമിക്കസ് ക്യൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.