ഏത് പാമ്പും രാജിയുടെ കൈകളിലൊതുങ്ങും: പാമ്പുപിടിത്തകാരിയുടെ ജീവിത കഥ

ഒരു കൂട്ടം ആളുകള്‍ കൂടി നിന്ന് ബഹളം വയ്ക്കുന്നു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.എന്താണെന്ന് വ്യക്തമല്ല… രാജി തന്റെ പിക് അപ് വാന്‍ റോഡിന്റെ ഒരു ഭാഗത്ത് ഒതുക്കി പരിഭ്രാന്തരായി നില്‍ക്കുന്ന ആള്‍കൂട്ടത്തിലേക്ക് ഓടിയെത്തി. ചുറ്റിലും കൂടി നിന്നവരുടെ മുഖമെല്ലാം ഭയത്താല്‍ വിളറി വെളുത്തിരുന്നു. എന്താണെന്നറിയാന്‍ ആളുകളെ മാറ്റി ഒന്നു എത്തിനോക്കി… പിന്നീട് രാജിയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരാവേശമായിരുന്നു.

അവിടെ വലിയ മൂര്‍ഖന്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നു… എന്തും സംഭവിക്കാമെന്ന അവസ്ഥ…. രാജി പതുക്കെ അതിന്റെ വാലില്‍ പിടിച്ച് തന്നോട് ഇണങ്ങി….. ചാക്കിലേക്കിട്ടു. അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ രാജിയെ സന്തോഷംകൊണ്ടു വാരിപുണര്‍ന്നു. അവരോരുത്തര്‍ക്കും രാജി തിരികെ നല്‍കിയത് അവരുടെ വിലപിടിപ്പുള്ള ജീവനാണ്. നാട്ടുകാരുടെ ജീവന്‍ രക്ഷയ്ക്കായി ഇടയ്ക്കിടെ രാജിക്ക് ഫോണ്‍ കോളുകള്‍ എത്താറുണ്ട്. തന്നെകൊണ്ട് എത്തിപ്പെടാന്‍ കഴിയാവുന്ന ദൂരത്തിലൊക്കെ രാജി ഓടിയെത്തും.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 19 കിലോമീറ്ററുണ്ട് നെടുമങ്ങാടുള്ള പച്ചയെന്ന ഗ്രാമത്തിലെത്താന്‍. സാധാരണ കുടുംബിനിയായ ഈ വീട്ടമ്മ കഴിഞ്ഞ അഞ്ചുമാസമായി പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മനുഷ്യന്റെയും പാമ്പുകളുടെയും രക്ഷയ്ക്കായി രാജി ഓടിയെത്തും. കുട്ടിക്കാലം മുതല്‍ക്കേ രാജിക്ക് പാമ്പുകളെ ഒരുപാട് ഇഷ്ടമാണ്.

കാണുന്ന പാമ്പിനെ കുറച്ച് നേരം നോക്കി നില്‍ക്കുന്നത് പതിവായിരുന്നു. പാമ്പ് പത്തി വിടര്‍ത്തുന്നതൊക്കെ കാണുമ്പോള്‍ ഒരാവേശമായിരുന്നു. അടുത്തിടെയാണ് പാമ്പ് പിടുത്തം പഠിക്കണമെന്ന ആഗ്രഹം തോന്നിയത്. എന്നാല്‍ പാമ്പുപിടുത്തം പഠിക്കാനായി രാജി എവിടെയും പോയിട്ടില്ല. യൂടുബില്‍ നിന്ന് കിട്ടാവുന്ന വീഡിയോ എല്ലാം സംഘടിപ്പിച്ചു കാണുമായിരുന്നു. പാമ്പുമായി വരുന്ന വാര്‍ത്തകളും ശ്രദ്ധിക്കും.

പിന്നീട് വട്ടിയൂര്‍ കാവില്‍ ബാബു പാലാലയുടെ കീഴില്‍ ഒരു ദിവസത്തെ പാമ്പുകളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു. അവിടെ നിന്ന് കിട്ടിയ വിവരങ്ങളെല്ലാം രാജിയുടെ മുന്നോട്ടുള്ള യാത്രയില്‍ ഉപയോഗപ്രദമായി. അഞ്ചുമാസത്തിനുള്ളില്‍ 73 ഇനം പാമ്പുകളെ പിടികൂടി. അതില്‍ ഉഗ്രവിഷമുള്ള പാമ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെ ഒരു തവണ മാത്രം രാജിക്ക് പാമ്പു കടിയേറ്റിട്ടുണ്ട്. എന്നിട്ടും രാജി തന്റെ ആത്മവിശ്വാസം കൈവിടാതെ തന്റെ യാത്ര തുടര്‍ന്നു.

ബാബു പാലാലയുടെ ക്ലാസില്‍ പങ്കെടുത്തതിന്റെ പിറ്റേദിവസമാണ് രാജി ആദ്യമായി പാമ്പിനെ പിടികൂടിയത്. അതും ഉഗ്രവിഷമുള്ള മൂര്‍ഖനെ തന്നെ. താന്‍ പിക് വാനുമായി ജോലിക്ക് പോകുന്നതിനിടെ പച്ചയില്‍ നിന്ന് ആരോ തന്റെ ഫോണിലേക്ക് വിളിച്ചതാണ്. പെട്ടെന്ന് തന്നെ രാജി പച്ചയിലെത്തി പാമ്പിനെ തന്റെ കൈക്കുള്ളിലാക്കി. അന്നുവരെ പാമ്പിനെ പിടിച്ചിട്ടില്ലാത്ത രാജിക്ക് അതോടെ ആത്മവിശ്വസം വര്‍ധിച്ചു.

ഏറെ നാളത്തെ പാമ്പുപിടുത്തത്തിനടയില്‍ രാജിയെ ഇടയ്ക്ക് വച്ച് ഭയപ്പെടുത്തിയത് ഒരു മൂര്‍ഖനാണ്. വിതുര ശാസ്താംകായലിലായിരുന്നു സംഭവം. റോഡിന്റെ ഒരു വശത്തെ കല്ലിടുക്കില്‍ വാസമുറപ്പിച്ച മൂര്‍ഖന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും സമീപവാസികള്‍ക്കും പേടിസ്വപ്‌നമായിരുന്നു. ഈ ഭയം വര്‍ധിച്ചതോടെയാണ് രാജിയെ വിളിച്ചത്. കല്ല് പൊളിച്ച് മൂര്‍ഖനെ പുറത്തെടുക്കാനാള്ളു ശ്രമം രാജിയും നാട്ടുകാരും ആരംഭിച്ചു.

എന്നാല്‍ ഒരു കല്ലില്‍ ചുറ്റിവരിഞ്ഞിരിക്കുകയായിരുന്നു. ഒരാള്‍ക്ക് നേരാംവണ്ണം നില്‍ക്കാന്‍ പറ്റാത്ത സ്ഥലമായിരുന്നു അത്. പാമ്പിന്റെ വാലും തലയും ഒരേ സ്ഥലത്തായിരുന്നു. അത് പലതവണ ചീറ്റികൊണ്ട് രാജിയുടെ കൈകളിലേക്ക് വന്നു. പാമ്പിനെ വലിച്ചെടുത്താല്‍ രാജിയുടെ കൈയിലേക്ക് കൊത്തുകിട്ടും അല്ലെങ്കില്‍ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് പാമ്പും താനും വീഴുമെന്ന നിലയിലായിരുന്നു. പിന്നീട് അതിന്റെ ശ്രദ്ധമാറ്റി തന്ത്രപൂര്‍വമാണ് അതിനെ കൈക്കലാക്കിയതെന്ന് രാജി പറയുന്നു.

പ്രീഡിഗ്രി വരെ പഠിച്ച രാജി പാമ്പുപിടുത്തം പഠിക്കാനായി എവിടെയും പോയിട്ടില്ല. സ്വന്തം കഴിവ് ഉപയോഗിച്ച് പഠിക്കുകയായിരുന്നു. 14 ഉം ഒന്‍പതും വയസ്സുള്ള രണ്ട് പെണ്‍മക്കളാണ്. അഭിരാമിയും അനാമികയും. അമ്മ പാമ്പിനെ പിടിത്തകാരിയായതില്‍ മൂത്തമകള്‍ക്ക് അത്ര യോജിപ്പില്ലായിരുന്നു. രക്ഷിക്കുന്നത് രണ്ടുപേരുടെ ജീവനാണെന്ന് മനസ്സിലായതോടെ അവളും അതിനോട് താല്പര്യം പ്രകടിപ്പിച്ചു. ആര്‍ത്തവ സമയത്ത് മാത്രമാണ് രാജി പാമ്പിനെ പിടികൂടാന്‍ പോകാത്തത്.

ചില ദിവസങ്ങളില്‍ ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് പിടികൂടിയ പാമ്പിനെ അനുയോജ്യമായ സ്ഥലങ്ങളില്‍ വിടുന്നത്. രാത്രി ഏറെ വൈകി വരുന്ന വിളികളില്‍ ഭര്‍ത്താവും മകളും രാജിയും ചേര്‍ന്നാണ് പാമ്പുപിടുത്തതിനായി പോകുന്നത്. ചിലര്‍ അതിനുള്ള കാശു നല്‍കും. ചില സാധാരണക്കാരായ ആളുകള്‍ പണം തന്നാല്‍ പോലും രാജി വാങ്ങിക്കാറില്ല. മാത്രമല്ല തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയും ഒരു വിഹിതം മാറ്റിവയ്ക്കാറുമുണ്ട്.

നെടുമങ്ങാടിന്റെ ഏത് കോണിലായാലും പാമ്പിനെ പിടികൂടാനായി രാജി ഓടിയെത്തും. രാജിയുടെ പാമ്പുപിടുത്തത്തെ നാട്ടുകാര്‍ക്ക് ആദ്യം ഉള്‍ക്കൊള്ളാനായില്ല. ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് രാജിക്ക് വേണ്ടുവോളം ഉണ്ട്. ആ കരുത്തും കരുതലുമാണ് രാജി ആത്മവിശ്വാസത്തോടെ പാമ്പിനെ പിടികൂടാനിറങ്ങുന്നത്. അതുവരെ ഡ്രൈവിംഗും തയ്യലുമൊക്കെയായിരുന്നു രാജിയുടെ പ്രധാന ജോലി. ഭര്‍ത്താവിന്റെ വരുമാനത്തോടൊപ്പം തന്റെ വരുമാനവും ചേര്‍ന്നാല്‍ അത്രയും ആശ്വാസമാകുമെന്ന് കരുതിയാണ് രാജിയും ഡ്രൈവിംഗ് പഠിച്ചത്.

ആദ്യമായി പാമ്പുപിടുത്തത്തിന് പോയപ്പോള്‍ പലരും പുച്ഛിച്ചും പരിഹസിച്ചിട്ടുമുണ്ട്. സ്ത്രീയാണോ പാമ്പിനെ പിടിക്കാന്‍ പോകുന്നതിന്റെ പേരിലായിരുന്നു കളിയാക്കല്‍. എന്നാല്‍ പരിഹാസവും കളിയാക്കലുകളിലുമൊക്കെ രാജി തന്റെ ജോലിമാത്രം മുന്നില്‍ കണ്ട് യാത്ര തുടര്‍ന്നു. പിന്നീട് ആളുകളുടെ രീതി മാറി. ഇപ്പോള്‍ നന്ദിയോട് ഗ്രാമം രാജിയെ നന്ദിയോടെ മാത്രമാണ് കാണുന്നത്. ഓരോ ദിവസം കഴിയുന്തോറും രാജി നാട്ടുകാരുടെ പ്രിയപ്പെട്ടവളായി മാറുകയാണ്.