കടകംപള്ളിയുടെ ചൈന സന്ദര്‍ശനം: അനുമതി നിഷേധിച്ചത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമായതിനാലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

single-img
20 October 2017

ദേശീയതാല്‍പര്യത്തിനു വിരുദ്ധമാകുമെന്നതിനാലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

പരിപാടിയില്‍ മന്ത്രിതലത്തില്‍ ഉള്ളവരുടെ പങ്കാളിത്തം രാജ്യതാല്‍പര്യത്തിന് ചേരുന്നതല്ല. ഒറ്റ വരിയിലെ മറുപടിയില്‍ യാത്ര ഏത് വിധത്തില്‍ രാജ്യതാല്‍പര്യത്തിന് അനുചിതം ആകുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. ആവശ്യപ്പെട്ട രേഖകള്‍ ഒന്നും തന്നെ നല്‍കിയിട്ടുമില്ല.

അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്‌നം മൂലമെന്നാണ് നേരത്തെ വിദേശകാര്യ സഹമന്ത്രി നല്‍കിയിരുന്ന വിശദീകരണം. മന്ത്രിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ളവരുമായുള്ള ചര്‍ച്ച രാജ്യത്തിന്റെ നിലവാരത്തിന് യോജിക്കുന്നതല്ലെന്നും വി കെ സിംഗ് അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്ന് വ്യത്യസ്ഥമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വിശദീകരണം.