മാതാപിതാക്കള്‍ മക്കളെ കോളേജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴില്‍ ആക്കാനല്ലെന്ന് ഹൈക്കോടതി

single-img
20 October 2017

മാതാപിതാക്കള്‍ മക്കളെ കോളേജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴില്‍ ആക്കാനല്ലെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. കാമ്പസുകളിലെ പഠനാന്തരീക്ഷം തകരരുതെന്നും ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരത്തിനെതിരെ പൊലീസ് സംരക്ഷണം തേടി കോളേജ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. അതില്‍ അനുകൂല ഉത്തരവുണ്ടായിട്ടും പാലിക്കപ്പെട്ടില്ലെന്നതാണ് ഹര്‍ജിക്കാധാരം.

കോളേജ് കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പഠനത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനും അതിന്റെതായ സ്ഥലമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി കലാലയ രാഷ്ട്രീയം നിരോധിക്കാന്‍ ഉത്തരവിട്ടത്.

കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.