സ്‌പോണ്‍സറില്ലാതെ ഇ വിസ നല്‍കുന്ന സംവിധാനം ഒമാന്‍ വിപുലപ്പെടുത്തി

single-img
20 October 2017

മസ്‌കത്ത്: വരുംവര്‍ഷങ്ങളില്‍ ടൂറിസം മേഖലയുടെ ഉന്നമനത്തിനായി സ്‌പോണ്‍സറില്ലാതെ ഇ വിസ നല്‍കുന്ന പട്ടികയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒമാന്‍. അസര്‍ബൈജാന്‍, അര്‍മീനിയ, അല്‍ബേനിയ, ഉസ്‌ബെകിസ്താന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്‌നിയ, പെറു, ബെലറൂസ്, തുര്‍ക്‌മെനിസ്താന്‍, മാലദ്വീപ്, ജോര്‍ജിയ, ഹോണ്ടുറസ്, സാല്‍വദോര്‍, തജികിസ്താന്‍, ഗ്വാട്ടമാല, വിയറ്റ്‌നാം, കിര്‍ഗിസ്താന്‍, കസാഖ്‌സ്താന്‍, ക്യൂബ, കോസ്റ്ററീക, ലാവോസ്, മെക്‌സികോ, നികരാഗ്വ തുടങ്ങി 25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇനി സ്‌പോണ്‍സറില്ലാതെയുള്ള വിസക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അപേക്ഷിക്കുന്ന സമയത്ത് ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടാകണം.

മുകളില്‍ പറഞ്ഞിരിക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ബ്രിട്ടന്‍, ഷെങ്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വിസയുള്ളവരോ ആയിരിക്കണം. ഇരുവശങ്ങളിലേക്കുള്ള വിമാനടിക്കറ്റും ഒമാനിലെ ഹോട്ടല്‍ ബുക്കിങ്ങും അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിക്കണം. 20 റിയാലാണ് വിസക്കുള്ള ഫീസ്.

അതേസമയം സ്‌പോണ്‍സറില്ലാതെ ഇവിസ ലഭ്യമാകുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ പൂര്‍ണ അധികാരമുണ്ടായിരിക്കും. നിയമലംഘകരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും വിദേശി താമസ നിയമ പ്രകാരമുള്ള പിഴ ചുമത്തുകയും ചെയ്യുമെന്നും ആര്‍.ഒ.പി അറിയിച്ചു. ടൂറിസം മേഖലയുടെ ഉണര്‍വ് ലക്ഷ്യമിട്ടാണ് ഇ വിസ സംവിധാനം ഒമാന്‍ വിപുലപ്പെടുത്തിയത്.

ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും റഷ്യയില്‍നിന്നുമുള്ള സഞ്ചാരികള്‍ക്ക് നിലവില്‍ നിബന്ധനകള്‍ക്ക് വിധേയമായി സ്‌പോണ്‍സര്‍മാരില്ലാത്ത ഇവിസ അനുവദിക്കുന്നുണ്ട്. ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനയോ നക്ഷത്ര ഹോട്ടലുകള്‍ മുഖേനയോ അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സ്‌പോണ്‍സര്‍മാരില്ലാതെ ഇവിസ അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതി ഈ വര്‍ഷം ആദ്യപാദത്തിലാണ് നിലവില്‍ വന്നത്.

അടുത്തിടെ അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ബ്രിട്ടന്‍, ഷെങ്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വിസയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കാന്‍ കഴിഞ്ഞ മാസം ഒമാന്‍ തീരുമാനം എടുത്തിരുന്നു. സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് റോഡ്‌ഷോയടക്കം പരിപാടികള്‍ ഒമാന്‍ ടൂറിസം ഇന്ത്യയില്‍ നടത്തിയിരുന്നു.

ഒമാനിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലാകട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം മൂന്നു ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് ഒമാനിലെത്തിയത്.