ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ മോദിയെ നിയമിച്ചിരിക്കുകയാണെന്ന് ചിദംബരം

single-img
20 October 2017

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയമിച്ചിരിക്കുകയാണെന്ന് ചിദംബരം ട്വിറ്ററിലൂടെ ആരോപിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് ചിദംബരത്തിന്റെ പുതിയ പ്രസ്താവന. എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും ചിദംബരം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ വഡോദരയില്‍ 1,140 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരം തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തിയ്യതി പുറത്ത് വിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് ബിജെപിയെ സഹായിക്കാനാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.